മഹാകുംഭമേള കാരണം ജീവിതം മാറിമറിഞ്ഞ ഒരു പെൺകുട്ടി; സോഷ്യൽമീഡിയയിൽ തരംഗമായ മൊണാലിസ സിനിമയിലും ആൽബങ്ങളിലും സജീവമാകുന്നു
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിൽ നടന്നിട്ട് ഒരു വര്‍ഷം തികയാൻ പോകുകയാണ്. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പൂർണ്ണ കുംഭമേളയ്ക്ക് കഴിഞ്ഞ തവണ മറ്റൊരു സവിശേഷത ഉണ്ടായിരുന്നു. സൂര്യ, ചന്ദ്ര, വ്യാഴ ഗ്രഹങ്ങൾ പ്രത്യേക രാശിയിൽ എത്തുന്ന 144 വർഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വ വേളയിലായിരുന്നു ഈ കുംഭമേള. ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലാണ് കുംഭമേളയ്ക്ക് സമാപനമായത്.
വിദേശത്ത് നിന്നും നമ്മുടെ നാട്ടിൽ നിന്നും പല പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ കുംഭമേളയിൽ പങ്കെടുത്ത ശേഷം ജീവിതം മാറിമറിഞ്ഞത് ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടേതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴി ഏറെ സുപരിചിതയായ ആളാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ.
മഹാകുംഭ മേളയിൽ മാല വിൽക്കാൻ വന്ന ഈ വെള്ളാരം കണ്ണുള്ള പെണ്ണ് ക്യാമറ കണ്ണുകളിൽ പെട്ടതോടെ കഥ മാറിത്തുടങ്ങി. അന്ന് ജീവിക്കാനായി 100 രൂപയ്ക്ക് മാല വിറ്റ മൊണാലിസ ഇന്നൊരു താരമാണ്. സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ച് താൻ സ്വപ്നം കണ്ട പോലുള്ള ഒരു ജീവിതം ആസ്വദിക്കുകയാണ് അവരിപ്പോൾ.
ഹിന്ദി ആൽബങ്ങളിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം ഏതാനും സിനിമകളുടെ കരാറിലും ഒപ്പുവച്ചു. പലതിന്റെയും ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക് സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് മൊണാലിസ ഇപ്പോൾ. ചിത്രത്തിന്റെ പൂജ നവംബറിൽ നടന്നിരുന്നു. ഇഇഇ വര്‍ഷം 2026ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈഫ് എന്നാണ് ചിത്രത്തിന്റെ പേര്. സായി ചരൺ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനു ആണ്. മൊണാലിസയുടെ പുതിയ ഒരു ആല്‍ബം ഈ മാസം 5ന് റിലീസ് ചെയ്യുന്നുമുണ്ട്.
ഞാൻ ഉടൻ തന്നെ ഞാൻ തെലുങ്ക് പഠിക്കും. പ്രേക്ഷകരുമായി സംസാരിക്കാൻ പരിശ്രമിക്കുകയും ചെയ്യും,” “എൻ്റെ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ എന്നായിരുന്നു ലോഞ്ചിനിടെ താരം പറഞ്ഞത്.
നാഗമ്മ എന്ന മലയാള ചിത്രത്തിലും മൊണാലിസ അഭിനയിക്കുന്നുണ്ട്. പി കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷ് ആണ് നായകൻ. ഒരിക്കൽ 100 രൂപയ്ക്ക് മാല വിറ്റിരുന്ന മൊണാലിസയ്ക്ക് ഇന്ന് ഒരു ആൽബത്തിന് ഒന്നും രണ്ടും ലക്ഷം വരെ പ്രതിഫലമായി ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ മൊണാലിസ കേരളത്തിലെത്തിയിരുന്നു. ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ പുതിയ ഷോറും കോഴിക്കോട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മൊണാലിസ. ചടങ്ങിനിടെ ബോബി ചെമ്മണ്ണൂരിനൊപ്പം മൊണാലിസ അല്പസമയം നൃത്തം ചെയ്തിരുന്നു.
മോഡലിങ് രംഗത്ത് സജീവമായ മൊണാലിസയെ തേടി നിരവധി സിനിമ അവസരങ്ങളാണ് എത്തുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പൂർ’ എന്ന ബോളിവുഡ് ചിത്രത്തിലും മൊണാലിസ നായികയായി അഭിനയിക്കുന്നുണ്ട്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയെ കുംഭമേളയിൽ വച്ച് ‘ബ്രൗൺ ബ്യൂട്ടി’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. പ്രയാഗ് രാജില്‍ വച്ച് നടന്ന മഹാ കുംഭ മേളയില്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ഇവർ മാല വില്ക്കാന് എത്തിയത്. എന്നാൽ ക്യാമറകളുടെ കണ്ണില്‍ പെട്ടതോടെ നാഷണല്‍ മീഡിയകളിലും സോഷ്യൽമീഡിയയിലും അസാധ്യമായ റീച്ചാണ് മൊണാലിസക്ക് കിട്ടിയത്. വെള്ളാരം കണ്ണുള്ള ഈ പെണ്‍കുട്ടി വാര്‍ത്തയായി മാധ്യമങ്ങളിൽ നിറയുക ആയിരുന്നു. ഇപ്പോൾ ആല്‍ബങ്ങളിലേക്കും മിനി സ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തി നിൽക്കുകയാണ് കുംഭമേള സ്റ്റാർ മോണിക്ക ഭോസ്ലെ.













