അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ്; ദശകോടികളും, കിലോക്കണക്കിന് സ്വര്‍ണ്ണവും വെള്ളിയും
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനം അനുവദിച്ച് ഒരുമാസം പിന്നിടുമ്ബോള്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി കിട്ടിയത് കോടികള്‍. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. ഇതിന് പുറമേ 10 കിലോഗ്രാമോളം സ്വർണവും 25 കിലോഗ്രാം വെള്ളിയും വിവിധ ഭക്തർ ശ്രീരാമന് സമർപ്പിച്ചു. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകക്ക് പുറമേയാണ് ഇത്രയും പണം ക്ഷേത്രത്തില്‍ ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാല്‍ ഈ വഴിയുള്ള തുക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു.
ഒരു മാസത്തിനകം ഏതാണ്ട് 60 ലക്ഷത്തോളം പേർ ക്ഷേത്രത്തില്‍ എത്തിയെന്നാണ് കണക്ക്. ഏപ്രില്‍ 17ന് രാമനവമി ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണത്തിലും, ലഭിക്കുന്ന വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷത്തോളം ഭക്തർ ഈ സമയത്ത് മാത്രം ക്ഷേത്രത്തിലെത്തുമെന്നാണ് കരുതുന്നത്.