മതം നോക്കി ബഹിഷ്ക്കരണം വിദ്വേഷം കൊഴുപ്പിച്ചത് മോദി
ഉത്തരേന്ത്യയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന യാത്രകളില്‍ ഒന്നാണ് ‘കൻവാർ’ യാത്ര എന്നറിയപ്പെടുന്ന ‘കാവഡ്’ യാത്ര.
മലയാളത്തില്‍ ഇതിന് ‘കാവഡി’ യാത്രയെന്നും പറയാറുണ്ട്. തീർത്ഥാടകർ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ഗംഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവവിഗ്രഹങ്ങളില് അഭിഷേകം നടത്തുന്നതാണ് ആചാരം. എല്ലാവർഷവും ലക്ഷക്കണക്കിന് ശിവഭക്തരാണ് കാല്‍നടയായി ഹരിദ്വാറിലെത്തി ഗംഗയിലെ ജലം ശേഖരിക്കുന്നത്. ജലം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു ദണ്ഡിന്റെ ഇരുവശങ്ങളിലുമായി തൂക്കിയിട്ട് തോളിലേറ്റി നഗ്നപാദരായിട്ടാണ് തീർത്ഥാടകരുടെ പദയാത്ര.
കാവഡ് യാത്ര അടുത്തകാലം വരെ മതവിദ്വേഷത്തിനിടയാക്കിയിരുന്നില്ല. കുംഭനഗരി കൂടിയായ ഹരിദ്വാറില്‍ നിന്നാണ് കാവഡ് യാത്ര ആരംഭിക്കുന്നത്. അതുകൊണ്ട് തീർത്ഥാടകർ കാവഡ് വാങ്ങുന്നത് ഹരിദ്വാറില്‍ നിന്നായിരിക്കും. 500 രൂപാ മുതല്‍ 5000 രൂപാ വരെ വിലയുള്ള കാവഡ് ഇവിടെ ലഭ്യമാണ്. ഏകദേശം 300 ഓളം കുടുംബങ്ങളാണ് ഹരിദ്വാറില്‍ കാവഡ് നിർമ്മിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീം കുടുംബങ്ങളാണ്. അതുതന്നെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായിരുന്നു.
എന്നാല്‍ കാവഡ് യാത്രയുമായി ബന്ധപ്പെട്ട് ഇത്തവണ സാമുദായിക ധ്രുവീകരണത്തിനും വിദ്വേഷത്തിനും വഴിയൊരുക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്, രാജ്യത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സൃഷ്ടിച്ചെടുത്തിട്ടുള്ള മതവിദ്വേഷാന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കാനിടയാക്കുന്നതായിരുന്നു.
ഈ വർഷത്തെ കാവഡ് യാത്ര ജൂലൈ 22 നാണ് ആരംഭിച്ചത്. 240 കിലോമീറ്ററാണ് യു.പിയില്‍ മാത്രം യാത്രവഴി. യു.പിയിലെ ‘മുസാഫർ നഗർ’ എസ്.പി പതിവില്ലാത്ത ഒരു ഉത്തരവ് ഇത്തവണ പുറപ്പെടുവിച്ചതോടെയാണ് കാവഡ് യാത്ര വിവാദമാകുന്നത്. ജില്ലയില്‍ കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് നിർബന്ധമായും പ്രദർശിപ്പിക്കണമെന്നായിരുന്നു ആ ഉത്തരവ്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരുടെ കടകള്‍ തിരിച്ചറിഞ്ഞ് തീർത്ഥാടകർ അവരുടെ കടകളെ ബഹിഷ്ക്കരിക്കുന്നതിനുവേണ്ടിയുള്ളതാണ് വിവാദ ഉത്തരവ് എന്ന നിലയില്‍ അതിനെതിരെ സാമൂഹിക സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തുവന്നു.
വിമർശനം കടുത്തതോടെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ തീർത്ഥാടകരുടെ പവിത്രത സംരക്ഷിക്കാനായി തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ മുഴുവൻ ഭക്ഷണശാലകളുടെയും ഉടമകള്‍ അവരുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേകം ബോർഡുകള്‍ സ്ഥാപിക്കണമെന്ന് ഉത്തരവ് പുറത്തിറക്കി. ഇതോടെ തെരഞ്ഞെടുപ്പും വോട്ടും മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തീരുമാനമാണ് വ്യാപാര സ്ഥാപനം നടത്തുന്നവരുടെ മതം തിരിച്ചറിയുന്നതിനുവേണ്ടിയുള്ള നീക്കം എന്ന് വ്യക്തമായി. റസ്റ്റാറന്റുകളും ധാബകളും മാത്രമല്ല തട്ടുകടകള്‍ വരെ ഉടമകളുടെ പേര് എഴുതി പ്രദർശിപ്പിക്കണമെന്ന് യു.പി മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിനുപിന്നാലെ ഉത്തരാഖണ്ഡ് സമാനനിർദ്ദേശം നല്കി. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മുനിസിപ്പല്‍ കോർപ്പറേഷനിലും സമാന ഉത്തരവ് ഇറങ്ങി.
മതവിവേചനം സൃഷ്ടിക്കുന്നതാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എം.പി, പ്രൊഫ. അപൂർവ്വാനന്ദ് ഝാ, ആകാർ പട്ടേല്‍ എന്നിവരും അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവില്‍ റൈറ്റ്സ് എന്ന സംഘടനയും സുപ്രീം കോടതിയില്‍ ഹർജി നല്കി. യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡെല്‍ഹി സർക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
മഹുവ മൊയ്ത്രക്കായി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്വി ഈ ഉത്തരവ് കാരണം ന്യൂനപക്ഷ സമുദായത്തിലെ ഒട്ടേറെപ്പേരുടെ ജീവിതമാർഗ്ഗം അടഞ്ഞെന്ന് സമർത്ഥിച്ചു. ഇതേത്തുടർന്ന് ഉടമസ്ഥരുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ഉത്തരാഖണ്ഡിലെയും സംസ്ഥാന അധികൃതരുടെ നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉടമയുടെ പേരിന് പകരം കടയില്‍ വിതരണം ചെയ്യുന്നത് സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന് പരസ്യപ്പെടുത്തിയാല്‍ മതിയെന്ന് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. ബി.ജെ.പി സഖ്യകക്ഷികള്‍ തന്നെ വിവാദ നടപടിയോട് എതിർപ്പ് അറിയിച്ചിട്ടും അതൊന്നും കാര്യമാക്കാതെ മുന്നോട്ട് നീങ്ങുമ്ബോഴാണ് സുപ്രീംകോടതി തന്നെ വിഭജനനീക്കത്തിന് തടയിട്ടത്.
ബി.ജെ.പി സഖ്യകക്ഷിയായ ആർ.എല്‍.ഡി അധ്യക്ഷൻ ജയന്ത് ചൗധരി ചോദിച്ചു: ‘ഇനി മുതല്‍ ഒരാള്‍ തന്റെ വസ്ത്രത്തിന്റെ പേര് എഴുതിവയ്ക്കണമെന്ന നിയമം വരുമോ ?’ ഈ ചോദ്യം ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഇന്ത്യ എന്ന മതേതര രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതിന്റെ ഗൗരവമേറിയ മുന്നറിയിപ്പാണ്.
തെരഞ്ഞെടുപ്പ് ജയിക്കാൻ മറ്റെല്ലാ വഴികളും അടഞ്ഞാല്‍ പിന്നെ ന്യൂനപക്ഷ മതത്തിനെതിരെ ഭൂരിപക്ഷമത വിശ്വാസികളെ തിരിച്ചുവിടുക, അതിനനുസൃതമായ വൈകാരിക അന്തരീക്ഷം സൃഷ്ടിക്കുക എന്ന അപകടകരമായ വിദ്വേഷം സൃഷ്ടിക്കലിന്റെ രാഷ്ട്രീയ കുതന്ത്രം കാട്ടിത്തന്നത് ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ അവിശ്വാസവും അകല്‍ച്ചയും സൃഷ്ടിക്കാനുള്ള നീക്കത്തിന് തങ്ങളെ കിട്ടില്ലെന്ന് യു.പിയിലെ അടക്കം ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ വ്യക്തമാക്കിയിട്ടും ‘അന്യമത വിദ്വേഷം’ എന്ന തന്ത്രത്തെ തന്നെ ബി.ജെ.പി ആശ്രയിക്കുന്നത് അതിനപ്പുറം ഉള്ള മതനിരപേക്ഷ രാഷ്ട്രീയം അവർ ഒരിക്കലും അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ്.
ഉത്തർപ്രദേശിലെ മുസാഫർ നഗറില്‍ തന്നെയായിരുന്നുവല്ലോ മുസ്ലീം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിയ സംഭവം ഉണ്ടായത്. ഈ കേസില്‍ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ പൊട്ടിത്തെറിച്ച സുപ്രീംകോടതി ആരോപണം ശരിയെങ്കില്‍ വിദ്യാർത്ഥിക്ക് ലഭിച്ച ഏറ്റവും ഹീനമായ ശിക്ഷ മനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത വീഴ്ചയുണ്ടായെന്നും പറയുകയുണ്ടായി. കേസ് എടുക്കാൻ വൈകിയതും, അധ്യാപിക മതവിദ്വേഷപരമായ പരാമർശങ്ങള്‍ നടത്തിയെന്ന് വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിലുള്ളത് എഫ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കിയതും ഉള്‍പ്പെടെ പോലീസിനുണ്ടായ വീഴ്ചകള്‍ എണ്ണിപ്പറയുകയുണ്ടായി. ഗാന്ധിജിയുടെ പൗത്രനും സാമൂഹിക പ്രവർത്തകനുമായ തുഷാർഗാന്ധിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയെ തല്ലിച്ചതച്ചതെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം.
ബാലനീതിയും മനുഷ്യാവകാശങ്ങളും ലംഘിച്ച അധ്യാപികയ്ക്കെതിരെ കേസ് എടുക്കാതിരിക്കാൻ പരമാവധി ശ്രമിച്ച ഉത്തർപ്രദേശ് പോലീസ് മനുഷ്യത്വരഹിതമായ സംഭവത്തിന്റെ വീഡിയോ മർദ്ദനത്തിനിരയായ വിദ്യാർത്ഥിയെ തിരിച്ചറിയുന്നവിധം സമൂഹമാധ്യമമായ ‘എക്സി’ല്‍ പങ്കുവച്ചു എന്നതിന്റെ പേരില്‍ ബാലനീതി നിയമത്തിലെ 74-ാം വകുപ്പുപ്രകാരം തിരക്കിട്ട് കേസ് എടുക്കുകയുണ്ടായി.
ഒട്ടുമിക്ക മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പേജുകളില്‍ ഈ വീഡിയോ സഹിതമായിരുന്നു വാർത്ത. എന്നിട്ടും ‘ആള്‍ട്ട് ന്യൂസി’ന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചു നടപടി സ്വീകരിക്കാനുള്ള കാരണം സംഘപരിവാർ നടത്തുന്ന വ്യാജപ്രചാരണങ്ങളുടെയെല്ലാം സത്യാവസ്ഥ ചികഞ്ഞ് പുറത്തുകൊണ്ടുവന്നു എന്നതായിരുന്നു.
ഈ വർഷം മാർച്ച് ആദ്യമുള്ള വെള്ളിയാഴ്ച രാജ്യതലസ്ഥാന നഗരിയായ ഡല്‍ഹിയിലെ ഇന്ദർലോകില്‍ പള്ളിയില്‍ ഇടം തികയാതെ റോഡിലേക്കിറങ്ങി നമസ്ക്കാരം നിർവ്വഹിച്ച വിശ്വാസികളെ പോലീസുകാരൻ ബൂട്ടിട്ട് ചവിട്ടുന്ന കാഴ്ച ലോകം കണ്ടതാണ്.
അഹമ്മദാബാദിലെ ഗുജറാത്ത് സർവ്വകലാശാല കാമ്ബസില്‍ മുസ്ലീം പള്ളി ഇല്ലാത്തതിനാല്‍ ഹോസ്റ്റല്‍ അധികൃതരുടെ അനുമതിയോടെ വിദേശവിദ്യാർത്ഥികള്‍ ഹോസ്റ്റലില്‍ റമദാനിലെ രാത്രി നിസ്ക്കാരം നിർവ്വഹിച്ചതിന് വടികളും കത്തികളുമായി മുദ്രാവാക്യം വിളികളോടെ ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയ വർഗ്ഗീയ വിദ്വേഷം തലയ്ക്ക് പിടിച്ച അക്രമി സംഘം ആരാണ് നമസ്ക്കാരം നിർവ്വഹിക്കാൻ നിങ്ങള്‍ക്ക് അനുവാദം നല്‍കിയതെന്ന് ആക്രോശിച്ചു. വിദേശവിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. മുറികളില്‍ കയറി സാധനങ്ങള്‍ അടിച്ചുതകർത്തു. ലാപ്ടോപ്പുകളും ഫോണുകളും ഉള്‍പ്പെടെ പരിക്കേറ്റ രണ്ട് ആഫ്രിക്കൻ വിദ്യാർത്ഥികളെയും അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു.
ഇതേക്കുറിച്ച് ഗുജറാത്ത് സർവ്വകലാശാല വി.സി. ഡോ. നീരജ് എ. ഗുപ്ത പറഞ്ഞത് വിദേശ വിദ്യാർത്ഥികള്‍ക്ക് സാംസ്ക്കാരിക വിനിമയത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നമായതെന്നാണ്.
രാഷ്ട്രീയലക്ഷ്യത്തോടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട വ്യാപകമായ വിദ്വേഷപ്രചാരണം മൂലം മതനിരപേക്ഷമായി ചിന്തിച്ചിരുന്ന അനേകമനേകം ആളുകളുടെ മനസ്സുകളേയും സ്വാധീനിക്കുകയും മതചിന്തയ്ക്കതീതമായി സഹോദരങ്ങളെ പോലെ സൗഹാർദ്ദത്തില്‍ കഴിഞ്ഞിരുന്ന പ്രദേശങ്ങളില്‍പോലും അസ്വസ്ഥതയ്ക്കും അകലത്തിനും ഇടയാക്കുന്നതിനും സമീപ വർഷങ്ങളില്‍ രാജ്യം സാക്ഷിയായി.
ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ അല്ലെങ്കില്‍ ഒരു കുറ്റകൃത്യ ആരോപണത്തിന്റെയോ പരാതിയുടെയോ മറവില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ വീടുകളോ കെട്ടിടങ്ങളോ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന രീതിയും മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അരങ്ങേറുകയുണ്ടായി. മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും രാജസ്ഥാനിലും ഈ രീതി അനുകരിക്കപ്പെടുകയുണ്ടായി.
ഡല്‍ഹി ഗുരുഗ്രാം-നൂഹ് ജില്ലകളിലൂടെ കടന്നുപോയ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്ക് പിന്നാലെ വർഗ്ഗീയ കലാപം പൊട്ടി പുറപ്പെട്ട പശ്ചാത്തലത്തില്‍ കർഫ്യൂ ദിവസം എല്ലാവരും വീട്ടിലിരിക്കെ നൂഹ് ടൗണ്മാർക്കറ്റിലേക്ക് പാഞ്ഞുകയറിയ ബുള്‍ഡോസറുകള്‍ ഒന്നര കിലോമീറ്റർ ഭാഗത്തെ മുപ്പത് സ്ഥിരം കടകളും, അനേകം വഴിയോരകടകളും ഇരുനില ഹോട്ടല്‍ കെട്ടിടവുമാണ് തകർത്ത് തരിപ്പണമാക്കിയത്. ഉന്തുവണ്ടിയിലും പെട്ടിക്കടകളിലുമായി കച്ചവടം നടത്തിയിരുന്ന 200 തെരുവുകച്ചവടക്കാരെ ഒറ്റയടിക്ക് ഇവിടെ നിന്ന് ഒഴിവാക്കി. അവരെല്ലാം തന്നെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതത്തിന്റെ പേരില്‍ നമ്മള് എവിടെയാണ് നില്‍ക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചത് 2022 ഒക്ടോബർ 21 നാണ്. മതനിരപേക്ഷമായ രാജ്യത്തെ ഞെട്ടിക്കുന്നതാണ് ഇവിടെ നടക്കുന്ന വിദ്വേഷപ്രസംഗങ്ങളെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി വിദ്വേഷ പ്രസംഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആരെങ്കിലും പരാതി നല്‍കുന്നതിന് കാത്തിരിക്കാതെ പോലീസ് സ്വമേധയാ കേസ് എടുക്കണമെന്നും നിർദ്ദേശിച്ചു. ഡല്‍ഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്ക്കുള്ളതായിരുന്നു അന്നത്തെ ആ ഉത്തരവ്.
ആ ഉത്തരവ് സുപ്രീംകോടതി 2023 ഏപ്രില്‍ 28 ന് രാജ്യം മുഴുവൻ ബാധകമാക്കി. അതോടെ രാജ്യത്തെവിടെയും വിദ്വേഷപ്രസംഗമുണ്ടായാലും പരാതി ലഭിക്കാതെതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധ്യതയായി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അതിഗൗരവമായി കാണുമെന്നും കോടതിയലക്ഷ്യനടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി ബഞ്ച് മുന്നറിയിപ്പും നല്‍കിയിരുന്നു.
എന്നിട്ടോ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അതിഗുരുതരമായ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാൻ കഴിയാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമല്ല, നിയമനീതിപാലക സംവിധാനങ്ങളെല്ലാം തന്നെ നിസ്സഹായരാകുന്നതും രാജ്യം കണ്ടു.
പ്രധാനമന്ത്രി മോദിയുടെ പല പ്രസംഗ പരാമർശനങ്ങളും ഇന്ത്യൻ ശിക്ഷാനിയമം, ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്നിവയുടെയെല്ലാം ലംഘനമായിരുന്നു.
രാജസ്ഥാനിലെ ബൻസ്വാരയില്‍ ഏപ്രില്‍ 21 ന് മോദി പറഞ്ഞത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവർ ജനങ്ങളുടെ സ്വർണ്ണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് നല്കുമെന്നായിരുന്നുവല്ലോ. ജാർഖണ്ഡിലെ ഛായ്ബാസയില് മേയ് 4 ന് നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത് വോട്ട് ജിഹാദ് നടത്തുന്നവർക്ക് വിതരണം ചെയ്യുമെന്ന് പറയാനും മോദി തയ്യാറായി. മുസ്ലീങ്ങള്‍ക്കായി 15 ശതമാനം ബജറ്റ് വിഹിതം നീക്കിവെച്ച് രാജ്യത്തിന്റെ ബജറ്റ് മുസ്ലീം ബജറ്റ് എന്നും ഹിന്ദു ബജറ്റെന്നും വിഭജിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മഹാരാഷ്ട്രയിലെ കല്യാണില്‍ നടന്ന തെരഞ്ഞെടുപ്പുപ്രചാരണ റാലിയില്‍ മോദി ആരോപിച്ചു. ഇന്ത്യാസഖ്യം മുസ്ലീം വോട്ടർമാരുടെ അടിമകളായി തുടരുകയാണെന്നും, അവരെ പ്രീതിപ്പെടുത്താൻ ‘മുജ്റ’ നൃത്തമാടുകയാണെന്നും ബീഹാറിലെ പാടലീപുത്രയില്‍ മോദി ആരോപിക്കുകയുണ്ടായി. മോദി ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സർക്കാർ ടെണ്ടറുകളില്‍ മുസ്ലീങ്ങള്‍ക്ക് ഒരു ക്വാട്ടാ നിശ്ചയിക്കുമെന്ന് എഴുതിവെച്ചിരിക്കുന്നുവെന്നാണ്. തന്റെ സർക്കാരിന്റെ മിന്നലാക്രമണത്തില്‍ പാകിസ്ഥാൻ വിറച്ചുവെന്നും അവിടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ രാജകുമാരൻ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ പ്രാർത്ഥിക്കുകയാണെന്നും ഝാർഖണ്ഡിലെ പലമുവില്‍ മോദി പ്രസംഗിച്ചിരുന്നു.
മറ്റൊരു സന്ദർഭത്തില്‍ ന്യൂഡെല്‍ഹിയില്‍ മോദി പറഞ്ഞത് ഇങ്ങനെ- ‘ഇവിടെ കോണ്‍ഗ്രസ് ചാവുന്നു. പാകിസ്ഥാൻ കരയുന്നു. ‘ഷെഹ്സാദ'(രാഹുല്‍ഗാന്ധിയെ ഉദ്ദശിച്ച്)യെ അടുത്ത പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ഉത്സുകരാണ്. അതില്‍ അതിശയിക്കാനില്ല. കാരണം കോണ്‍ഗ്രസ് പാകിസ്ഥാന്റെ അനുയായികളാണ്’.
ഫാറൂഖാബാദില്‍ ഒരു പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്മാൻ ഖുർഷിദിന്റെ മരുമകള്‍ മറിയ ആലം, ‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല മാനവികതയ്ക്കും ഭീഷണിയായ മോദി സർക്കാരിനെ താഴെയിറക്കാൻ ‘വോട്ട് ജിഹാദ്’ മാത്രമാണ് വഴിയെന്ന് പറഞ്ഞതിനെതിരെ യു.പി പോലീസ് ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. മറിയത്തിന്റെ പരാമർശവും മതവിദ്വേഷ പ്രസംഗത്തിനവസരമാക്കിയ, രാജ്യത്ത് ഇതേവരെ ഒരു ദേശീയ പാർട്ടി നേതാവും ഉപയോഗിച്ചിട്ടില്ലാത്ത ഭാഷയില്‍ സ്വന്തം രാജ്യത്തെ സമുദായങ്ങള്‍ക്കെതിരെ പച്ചയായ വെറുപ്പ് പ്രചരിപ്പിച്ചതിനെതിരെ ഒരു പെറ്റിക്കേസ് പോലും ആരും ചാർജ്ജ് ചെയ്തില്ല. അതിന്റെ ബലത്തിലാണ് ഇന്ന് ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളിലെല്ലാം ന്യൂനപക്ഷങ്ങള്‍ വെറുപ്പും വിദ്വേഷവും വേട്ടയാടലുകളും നേരിടുന്നത്.