ഒറ്റദിവസം കൊണ്ട് കോൺഗ്രസിൽ പോയി തിരികെ വന്ന ബിജെപി വനിതാ നേതാവ്; അതേപോലെ താൻ ബിജെപിയിൽ ചേർന്ന കാര്യം മറന്ന് പോയ ഒരു യൂത്ത് കോൺഗ്രസ്സ് സെക്രട്ടറിയും
ബിജെപി എന്ന പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് കൂട് മാറിയ ബിജെപിയുടെ വനിതാ കൗണ്‍സിലര്‍ തിരികെ ബിജെപിയിലേക്ക് തന്നെ എത്തി. ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ കൗണ്‍സിലര്‍ തൊട്ടടുത്ത ദിവസം ബിജെപിയിലേക്ക് തിരികെ വരികയായിരുന്നു.
പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് ഇങ്ങനെ വളരെ പെട്ടെന്ന് ബിജെപിയിലേക്ക് തിരികെ എത്തിയത്. ഡോ. വിജയലക്ഷ്മിയെ കെ മുരളീധരന്, എന്‍ ശക്തന്, മണക്കാട് സുരേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. വിജയലക്ഷ്മി കോണ്‍ഗ്രസില്‍ എത്തിയ വിവരം അറിയിച്ചുകൊണ്ട് നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിരുന്നു.
എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍ വിജയലക്ഷ്മി തിരികെ ബിജെപിയിലേക്ക് തന്നെ പോയി. തിരുമലയില്‍ നടന്ന് പാര്‍ട്ടി പൊതുയോഗത്തിലാണ് വിജയലക്ഷ്മി തിരികെ ബിജെപിയില്‍ പ്രവേശിച്ചത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിജയലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചുവെന്നാണ് ഈ സംഭവത്തില്‍ ബിജെപിയുടെ വിശദീകരണം. കോൺഗ്രസ്സുകാർ ഈ വിജയലക്ഷ്മിയെ ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം, അവർ കോൺഗ്രസിൽ ചേർന്നെന്ന് വ്യാജവാർത്ത വരുത്തിയെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്.
ഇത് ബിജെപിയിലേക്ക് തിരികെ വന്ന സംഭവം ആണെങ്കിൽ, കുറച്ച് ദിവസം മുന്നേ കോൺഗ്രസിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ബിജെപിയില്‍ പോയി ചേര്‍ന്ന ശേഷം മടങ്ങി വന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടനാണ് ആ താരം.
നവംബർ 19 നാണ് ബിജെപി ജില്ലാ പ്രസിഡന്റില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന് അംഗത്വം സ്വീകരിച്ചത്. ഇപ്പോള്‍ പക്ഷേ, അദ്ദേഹത്തിന് അതാന്നും ഓര്‍മയില്ല. ബിജെപി അംഗത്വം നല്കി തന്നെ ഷാള്‍ അണിയിച്ചതാരെന്ന് അറിയില്ല. തന്റെ കാറില്‍ സുഹൃത്തിനൊപ്പം പന്തളത്ത് പോയത് മാത്രം ഓര്‍മയുണ്ട്. പിന്നെ നടന്നതൊക്കെയാണ് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നാണ് പറയുന്നത്.
പത്തൊമ്പതാം തീയതി പന്തളത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് ആണ് അഖിലിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍, അന്നത്തെ സംഭവം തമാശ ആയിരുന്നുവെന്ന വിചിത്ര വാദവുമായി അഖില്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വച്ചിട്ടില്ലെന്നും അഖില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 19 ന് നടന്നത് സുഹൃത്തുക്കളുമൊത്തുള്ള തമാശ ആയിരുന്നു എന്നാണ് പറയുന്നത്.
ഒരു സുഹൃത്ത് പന്തളം വരെ പോകാന്‍ ക്ഷണിച്ചു. തന്റെ കാറില്‍ അയാള്‍ക്കും മറ്റു ചില സുഹൃത്തുക്കള്‍ക്കും ഒപ്പം പന്തളത്തെത്തി. അവിടെ വച്ച് അവര്‍ സുഹൃത്തുക്കള്‍ എന്ന നിലയില്‍ സംസാരിക്കുകയും പിന്നീട് തന്നെ ഒരു ഷാള്‍ അണിയിക്കുകയായിരുന്നു എന്നാണ് അഖില്‍ ഓമനക്കുട്ടന് പറയുന്നത്.
തന്റെ മുന്‍ തലമുറക്കാരും കോണ്‍ഗ്രസുകാരായിരുന്നു. തനിക്കും കോണ്‍ഗ്രസുകാരനായി ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞ അഖില്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത് വല്ലാതെ വേദനിപ്പിച്ചു എന്നും പറഞ്ഞു.












