കൊടകര കേസില്‍ സിപിഎം-ബിജെപി ബന്ധം വ്യക്തം: സതീശൻ
കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം-ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇത് കള്ളപ്പണമാണ്, അതുകൊണ്ട് ഗൗരവമായ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വന്ന പൈസയില്‍ മൂന്നരക്കോടി മാത്രമാണ് ആലപ്പുഴയ്ക്ക് പോയത്. ബാക്കി പണം തൃശൂരിലെ ഓഫീസില്‍ കെട്ടിവെച്ച് ചെലവാക്കി. ഇതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനും മറ്റ് നേതാക്കള്‍ക്കും കൃത്യമായ പങ്കുണ്ട്. സംഭവത്തില്‍ ബിജെപിയുടെ പങ്ക് സംസ്ഥാന സർക്കാരിനും പോലീസിനും കൃത്യമായറിയാം. എന്നിട്ടും ഒരു സമ്മർദവും കേന്ദ്രത്തിന് മേലെയോ കേരളത്തിലെ ബിജെപിക്ക് മേലെയോ സംസ്ഥാന സർക്കാർ ചെലുത്തിയിട്ടില്ല.
സിപിഎം-ബിജെപി അവിഹിത ബന്ധത്തിന്റെ തെളിവാണത്. പൂരം കലക്കല്‍, ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച ഇതൊക്കെയാണ് മറ്റ് തെളിവുകളെന്നും സതീശൻ കൂട്ടിച്ചേർത്തു.