‘വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു’; മന്ത്രി റിയാസിനെതിരെ മുൻ എംഎല്‍എ കാരാട്ട് റസാഖ്
നിലമ്ബൂർ എഎല്‍എ പിവി അൻവറിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമർശനമുയർത്തി കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനങ്ങള്‍ ഉയർത്തി. ഒരാഴ്ചയ്ക്കുളളില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്നും റസാഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. തന്നെ തോല്‍പ്പിക്കാൻ ഗൂഢാലോചന നടത്തുകയും തന്റെ വികസന പ്രവർത്തനങ്ങള്‍ അട്ടിമറിക്കാനും ശ്രമിച്ചു,റിയാസിനെ കൂട്ടുപിടിച്ച് കൊടുവള്ളി എംഎല്‍എയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. മൂന്ന് വർഷമായി ഇതിന് മറുപടി കിട്ടിയിട്ടില്ല. അതിനായി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിനുശേഷം നിലപാട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പിണറായി വിജയനോടോ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്നം. ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ്. അൻവറിനൊപ്പം പോകുന്ന കാര്യം ഇതുവരെയായിട്ടും തീരുമാനിച്ചിട്ടില്ല. അൻവർ ഉന്നയിച്ച സ്വർണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. ഇന്നലെ അൻവറിനെ കണ്ട ശേഷം നിരവധി യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ പിന്തുണയുമായി വന്നിരുന്നു.
മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ആ സ്ഥാനം ഒഴിയും. കാറില്‍ നിന്ന് ബോർഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാർട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികള്‍ നല്ലവരാണ്. പക്ഷേ നേതാക്കള്‍ ശരിയല്ല. അൻവർ ക്ഷണിച്ചിട്ടുണ്ട്. കാത്തിരിക്കൂ എന്നാണ് ഞാൻ മറുപടി പറഞ്ഞത്.