‘ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല’; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നീതി കിട്ടിയെന്ന നിലപാട് രാഷ്ട്രീയ വിവാദമായതിനു പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും, താൻ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സര്‍ക്കാര്‍ അപ്പീല്‍ ദിലീപിനെ ദ്രോഹിക്കാനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കെപിസിസി നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് നിലപാട് മാറ്റം അറിയിച്ചത്. ‘അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് താന്‍ പറഞ്ഞത്. നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ അതിനെ തള്ളിപ്പറയുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ സര്‍ക്കാര്‍ അത് പറയുകയാണ് വേണ്ടത്. കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. പാര്‍ട്ടി അത് വ്യക്തമാക്കിയിട്ടുണ്ട്’ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.












