‘ഹിന്ദു വെറുപ്പ് പറയില്ല, അക്രമത്തില്‍ ഏര്‍പ്പെടില്ല, നിങ്ങള്‍ ഹിന്ദുവല്ല’ -ബി.ജെ.പിക്കെതിരെ സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശത്തില്‍ ലോക്സഭയില്‍ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുല്‍ ബി.ജെ.പിയെ ലക്ഷ്യമിട്ട് പറഞ്ഞത്.
തുടർന്ന്, രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരായി ചിത്രീകരിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, പരാമർശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയും ആവശ്യപ്പെട്ടു.
രാമജൻമ ഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സൂചിപ്പിച്ചു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാദിയും അദാനിയും ഉണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല. പ്രസംഗത്തിനിടെ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയ രാഹുല്‍, ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ അടയാളമെന്ന് വാദിച്ചു. എന്നാല്‍ അഭയമുദ്രയെ കുറിച്ച് സംസാരിക്കാൻ രാഹുലിന് അവകാശമില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
”ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. നിർഭയത്വത്തിന്റെ പ്രതീകമാണ് അഭയമുദ്ര. ഹിന്ദുമതം, ഇസ്ലാം മതം, സിഖ്-ബുദ്ധ മതങ്ങളുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മതങ്ങള്‍ക്കും അത് സമാധാനവും സന്തോഷവും ഉറപ്പു നല്‍കുന്നതാണ് ആ മുദ്ര. നമ്മുടെ മഹാന്മാർ അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്… പക്ഷേ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ… നിങ്ങള്‍ ഹിന്ദുക്കളല്ല.”-എന്നായിരുന്നു രാഹുല്‍ ഗാന്ധിസഭയില്‍ പറഞ്ഞത്. മഹാത്മാ ഗാന്ധി മരിച്ചുവെന്നും ഗാന്ധിയെ പറ്റി ലോകമറിഞ്ഞത് ഒരു സിനിമയിലൂടെയാണെന്നും പ്രധാനമന്ത്രി പറയുന്നു. ഈ അജ്ഞത നിങ്ങള്‍ക്ക് മനസിലാക്കാൻ സാധിക്കുമോ? ധീരതയെ കുറിച്ച് സംസാരിക്കുന്നത് ഒതു മതം മാത്രമല്ല, എല്ലാ മതങ്ങളും ധീരതയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.