‘നിയമസഭ തുടങ്ങാൻ പോകുകയല്ലേ, അവിടെവച്ച് കാണാം’; ബാര്‍കോഴയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എംബി രാജേഷ്
സംസ്ഥാനത്ത് ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷത്തെ പരിഹസിച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷം രാജി ആവശ്യപ്പെടാത്തതെന്താണെന്ന് ആലോചിച്ചിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന കെ സുധാകരന്റെയും വിഡി സതീശന്റെയും ആവശ്യത്തിന് പിന്നാലെയാണ് പരിഹാസവുമായി എംബി രാജേഷ് രംഗത്തെത്തിയത്. നിയമസഭ തുടങ്ങാൻ പോകുകയല്ലേ, ബാക്കി അവിടെവച്ച് കാണാമെന്നും എംബി രാജേഷ് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.
”യുഡിഎഫ് സർക്കാരല്ല ഇത്. യുഡിഎഫ് സർക്കാരാണ് ആനുകൂല്യങ്ങളും ഇളവുകളും കൊടുത്തത്. പിണറായി സർക്കാരാണ് കഴിഞ്ഞ മദ്യനയത്തില്‍ ബാർ ലൈസൻസ് ഫീസ് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വർദ്ധിപ്പിച്ചത്. കേരളത്തില്‍ ഇതിന് മുമ്ബ് ഒരിക്കലും ഇങ്ങനെ വർദ്ധിപ്പിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ഉടമകളുടെ ക്രമക്കേടുകള്‍ക്ക് പിഴ ഉണ്ടായിരുന്നോ? ഒന്നാം പിണറായി സർക്കാരാണ് ബാർ ക്രമക്കേടുകള്‍ക്ക് ആദ്യം പിഴ ഏർപ്പെടുത്തിയത്. രണ്ടാം പിണറായി സർക്കാർ അത് ഗണ്യമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുമാസം കൊണ്ട് 52 ബാറുകള്‍ക്കെതിരെ കേസെടുത്തു. 30 എണ്ണത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈ ശബ്ദരേഖ പുറത്തുവിട്ടയാളുടെ ബാറിലും പരിശോധന നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ അസ്വസ്ഥതയും ഇതില്‍ കാണാം.
അഞ്ചുലക്ഷം ലൈസൻസ് ഫീസ് കൂട്ടിയതാണോ ബാറുകള്‍ക്ക് നല്കിയ ഇളവ്? മാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ഒരു മാസമായി വാർത്തകള്‍ വരികയാണ്. അത് വിശ്വസിച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കില്‍ കർശനമായ നടപടിയുണ്ടാകും. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും സർക്കാർ നടത്തിയിട്ടില്ല”, ഇതാണ് മന്ത്രി പറഞ്ഞത്.