പിണറായി നരേന്ദ്ര മോദിയാവാൻ ശ്രമിക്കുന്നുവെന്ന് സതീശൻ; ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ സർക്കാരിനും സ്പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു.
‘സ്പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താല്പര്യങ്ങളെ മുൻനിർത്തി ഞങ്ങള്‍ നക്ഷത്രചിഹ്നമിട്ട് ഞങ്ങള്‍ കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി അവ നക്ഷത്ര ചിഹ്നമായില്ലാത്തവയാക്കി.’ വിഡി സതീശൻ പറഞ്ഞു.
‘നിയമസഭയില്‍ ഞങ്ങള്‍ക്ക് ചോദിക്കാനുള്ള അവകാശങ്ങളാണ് ഒരുകാലത്തും ഇല്ലാത്ത നിലയില്‍ പച്ചയായി നിഷേധിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ടാണ് സഭയില്‍ ബഹളമുണ്ടായത്.’ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘ആ ബഹളം ഉണ്ടായപ്പോള്‍ സ്പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അനാദരവോടെ സംസാരിച്ചു. അതിന് ഞാൻ തിരിച്ചു പറഞ്ഞു. ഒരു സ്പീക്കറും ആ കസേരയില്‍ ഇരുന്ന് കൊണ്ട് അങ്ങനെ സംസാരിച്ചിട്ടില്ല. ആ പറഞ്ഞതില്‍ എന്താണ് തെറ്റ്? ഏതെങ്കിലും സ്പീക്കർ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ?’ സതീശൻ ചോദിച്ചു.
‘ഭരണകക്ഷിയുമായി കൂട്ടുചേർന്ന് ഈ ചോദ്യോത്തരങ്ങള്‍ മാറ്റിയത് സ്പീക്കറാണ്, അതിലുള്ള കുറ്റബോധം കൊണ്ടാണ് സ്പീക്കർ ഇങ്ങനെ ചെയ്യുന്നത്. അപക്വമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ആദ്യമായിട്ടാണ് ഒരു സ്പീക്കർ ഇങ്ങനെ പറയുന്നത്. അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയും സഭ്യേതരമായ പരാമർശങ്ങള്‍ ഞങ്ങള്‍ക്ക് എതിരെ നടത്തി.’ അദ്ദേഹം പറഞ്ഞു.
‘അത് സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്യുന്നില്ല. ഞാനും മുഖ്യമന്ത്രിയും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തിയ സംവാദം, അതില്‍ ഞാൻ നടത്തിയ പരാമർശങ്ങള്‍ മുഴുവൻ സഭാ ടിവിയില്‍ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും സ്പീക്കറും പറഞ്ഞത് മാത്രം സഭാ ടിവിയില്‍ നില്ക്കുന്നു, പിന്നെ എന്തിനാണ് ഇങ്ങനെയൊരു സഭാ ടിവി?’ വിഡി സതീശൻ വീണ്ടും ചോദിച്ചു.
‘എത്ര ഏകാധിപത്യപരമായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. പിണറായി വിജയൻ നരേന്ദ്ര മോദിയാകാൻ ശ്രമിക്കുകയാണ്. അദ്ദേഹം വളരെ മോശമായ പരാമർശം എന്നെ കുറിച്ച് നടത്തിയപ്പോള്‍ ഞാൻ പറഞ്ഞു, ഞാൻ ഒരു വിശ്വാസിയായിട്ടുള്ള ആളാണ്. എന്റെ പ്രാർത്ഥനയില്‍ എല്ലാ ദിവസവും പറയുന്നൊരു കാര്യം ഈ പിണറായി വിജയനെപ്പോലെ അഴിമതിക്കാരൻ ആവരുതെന്നും ആ നിലവാരത്തിലേക്ക് താഴരുതെന്നുമാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വിഷയത്തില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
‘കഴിഞ്ഞ ഒരു മാസമായി കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷം വളരെ വ്യക്തമായി നിയമസഭയില്‍ ഉന്നയിക്കുന്ന ആദ്യത്തെ അവസരം ചോദ്യങ്ങളാണ്, ഒരിക്കലും അടിയന്തര പ്രമേയമല്ല. അതിന്റെ പ്രാധാന്യം കുറയ്ക്കാനാണ് നക്ഷത്ര ചിഹ്നമല്ലാത്ത ചോദ്യങ്ങളാക്കി ഇവയെ മാറ്റിയത്’ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.