CPM എംഎൽഎയുടെ എതിർപ്പിനെ അനുകൂലിച്ച് പ്രധാനമന്ത്രി മോദി; ഇത്രയും ശമ്പളം എംഎൽഎ മാർക്ക് നൽകേണ്ട ആവശ്യമില്ല
ഒഡിഷയിലെ നിയമസഭ അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും മൂന്നിരട്ടിയായി വര്‍ധിപ്പിച്ച നടപടി ഇപ്പോൾ പുനപരിശോധിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. വ്യാപക പ്രതിഷേധത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തി അറിയിച്ചതോടെയാണ് ഒഡിഷയിലെ ബിജെപി സര്‍ക്കാര്‍ വിവാദ തീരുമാനം പുനപരിശോധിക്കാന്‍ ഒരുങ്ങുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍, ഡിസംബര്‍ 9 ന് നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയ ബില്‍ പുനഃപരിശോധിക്കുന്നതിനുള്ള പ്രമേയം പാസാക്കി. അംഗങ്ങളുടെ ശമ്പളത്തിലെ കുത്തനെയുള്ള വര്‍ധനവ് അംഗീകരിച്ചെങ്കിലും ബില്ലിന് ഗവര്‍ണറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ശേഷം, ഡിസംബര്‍ 14 ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ഒഡീഷ മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതില്‍ നരേന്ദ്ര മോദിയുടെ അതൃപ്തി അദ്ദേഹത്തെ അറിയിച്ചു.
ഇത് മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎ മാർക്കും, ശമ്പളവും അലവന്‍സുകളും ഗണ്യമായി കുറഞ്ഞ നിലക്ക് ലഭിക്കുന്ന എംപിമാര്‍ക്കും തെറ്റായ സന്ദേശമാണ് നൽകുന്നത്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ എടുത്ത ഇത്രയും പ്രധാനപ്പെട്ട തീരുമാനത്തിന് നല്ല പ്രതികരണമല്ല ലഭിച്ചതെന്ന് സന്തോഷ് മാജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തീരുമാനം പിന്‍വലിക്കാന്‍ മാജിയോട് അദ്ദേഹം നിര്‍ദ്ദേശിച്ചതായാണ് വിവരം.
എന്നാല്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനെ എതിർത്ത് ആദ്യം മുതൽ സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ ഏക എംഎല്‍എ ആയ ലക്ഷ്മണ് മുണ്ടെ ഈ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ബില്ല് പാസാക്കുന്ന ദിവസം ലക്ഷ്മണ് മുണ്ടെ സഭയിലുണ്ടായിരുന്നില്ല. അദ്ദേഹം ഒരു സമരത്തിന്റെ മുന്നിലായിരുന്നു അന്നേ ദിവസം ഉണ്ടായിരുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയും നടപടി ജനവിരുദ്ധമാണ് എന്ന് വിശേഷിപ്പിച്ചിരുന്നു.
സാധാരണ തൊഴിലാളികൾക്ക് വളരെ കുറഞ്ഞ ശമ്പളമാണ് ഒഡീഷയിൽ ലഭിക്കുന്നത്. അവരുടെ ശമ്പളം ഒരു രൂപ പോലും കൂട്ടാതെ, എംഎൽഎ മാരുടെ ശമ്പളം ലക്ഷക്കണിന്ന് രൂപ കൂട്ടിയത് നീതിയല്ലെന്നും, ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും ലക്ഷ്മൺ മുണ്ടെ പറഞ്ഞിരുന്നു. തനിക്ക് ഈ വർധിച്ച ശമ്പളം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒറ്റക്കാണെങ്കിലും ലക്ഷ്മൺ മുണ്ടെ പറഞ്ഞ ആ കാര്യം ശരിയാണെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോൾ മനസ്സിലായിരിക്കുന്നു. അതോടെയാണ് ഒഡീഷയിലെ ബിജെപി എംപിമാർക്കും ശമ്പള വർധന തെറ്റാണെന്ന് പറയേണ്ടി വന്നത്.
ശക്തമായ പൊതുജന വിമര്‍ശനത്തിന് പുറമേ, പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും മുഖ്യമന്ത്രിക്ക് എതിരെ പ്രതികരണങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒഡീഷ നിയമസഭാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ശമ്പള ഘടനകള്‍ അവലോകനം ചെയ്യുന്നതിനുമായി 2025 ന്റെ തുടക്കത്തില്‍ ബിജെപി എംഎല്‍എ ഭാസ്കര്‍ മധേയിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഒരു എംഎല്‍എയുടെ മൊത്തം പ്രതിമാസ പാക്കേജ് ഏകദേശം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി, അതായത് മൂന്നിരട്ടിയിൽ കൂടുതലാക്കി നാല് ഭേദഗതികള്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി.ഈ വര്‍ദ്ധിപ്പിച്ച ശമ്പളം 2024 ജൂണ്‍ 5 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടതായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതാകുന്നത്. അതായത് ഓരോ എംഎൽഎക്കും മുൻകാല പ്രാബല്യപ്രകാരം കിട്ടേണ്ടിയിരുന്ന അമ്പത് ലക്ഷം രൂപയോളമാണ് നഷ്ടമാകുന്നത്.













