രാഹുലിന്റെ ‘ഹിന്ദു, ആര്.എസ്.എസ്’ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കി
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി.
ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർ.എസ്.എസിനെതിരായ പരാമർശവുമാണ് സഭാ രേഖകളില്‍ നിന്ന് ലോക്സഭ സ്പീക്കർ നീക്കിയത്.
വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗത്തിനിടെ തന്നെ അമിത് ഷാ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇന്നലെ രാത്രിയില്‍ സ്പീക്കറെ കണ്ട ബി.ജെ.പി നേതാക്കള്‍ പരാമർശങ്ങള്‍ നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്സഭയില്‍ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു.