സതീശനെ കണ്ട് ‘മുങ്ങി’ രാഹുല്‍ മാങ്കൂട്ടത്തില്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശന് എത്തുന്നതിന് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവര്‍ത്തകരുടെ സമര വേദിയില്‍ നിന്ന് മടങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാപകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ഡി സതീശന് എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിട്ടു. പിന്നീട് സതീശൻ വേദിയിൽ നിന്നും പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു.
തന്നെ സംബന്ധിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുല്‍ പറഞ്ഞത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാര്‍ക്ക് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഈ പ്രതികരണത്തിന് ശേഷം രാഹുല്‍ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്.












