ഇ.ഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു, ജയില്‍ മോചിതനാകില്ല
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള് സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷൻ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കെജ്രിവാളിന്റെ ഹർജി വിശാല ബെഞ്ചിന് റഫർ ചെയ്തിരിക്കുന്നത്.
ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്രിവാള് ജയിലില്‍ തന്നെ തുടരും. ജൂണ്‍ 25-നാണ് കെജ്രിവാളിനെ സിബിഐ അറ്സ്റ്റ് ചെയ്തത്.
മാർച്ച് 21-നാണ് ഇഡി കെജ് രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10ന് സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിന് അതിന്റെ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം വീണ്ടും ജയിലിലേക്ക് മടങ്ങിയത്.