തരിഗാമി കനല്ത്തരിയാവുന്നു; വര്‍ഷങ്ങള്‍ക്കുശേഷം കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും സിപിഎം മന്ത്രി
നീണ്ട വർഷങ്ങള്‍ക്കുശേഷം കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും സിപിഎം മന്ത്രിവരുന്നു. കാശ്മീരില്‍ നിന്ന് വിജയിച്ച സിപിഎം അംഗം മുഹമ്മദ് യൂസുഫ് തരിഗാമി നാഷണല്‍ കോണ്‍ഫറൻസ് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
സിപിഎം കേന്ദ്ര നേതൃത്വവുമായി നാഷണല്‍ കോണ്‍ഫറൻസ് ചർച്ച തുടങ്ങി. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തരിഗാമി മന്ത്രിയാവുകയാണെങ്കില്‍ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിനൊപ്പം വടക്കേ അറ്റത്തുള്ള കാശ്മീരിലും സിപിഎമ്മിന് മന്ത്രിയുണ്ടാവും.
കാശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി വിജയിച്ചത്. 1996ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു. കാശ്മീരിലെ ഏറ്റവും ശക്തനായ നേതാവായാണ് എഴുപത്തിമൂന്നുകാരനായ തരിഗാമിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.