പാവങ്ങളുടെ പടത്തലവൻറെ തളരാത്ത സമരവീര്യം; സഖാവ് വി.എസ് അച്യുതാന്ദന് ഇന്ന് 101 ആം പിറന്നാൾ
കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ സഖാവ് വി എസ് അച്യുതാനന്ദന് നൂറ്റിയൊന്നിന്റെ നിറവില്‍. ഇന്ന് 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് ആശംസകളുടെയും സ്നേഹ സന്ദേശങ്ങളുടെയും പ്രവാഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ, നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ട് ഇപ്പോളും.
തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന് അരുണ്‍കുമാര്‍ പറഞ്ഞു. വൈകീട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.
പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകീട്ടുമുള്ള പത്രവായനയിലൂടെ വാര്‍ത്തകളും വിശേഷങ്ങളും വി എസ് അറിയുന്നുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളും ശ്രദ്ധിക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുണ്‍കുമാറും ആശയും അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. നാല് വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിനെ വിശ്രമജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിലെ സമരാഗ്നി കണ്ടെത്തിയത്. ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാർഢ്യവും വി.എസിൽ കണ്ട കൃഷ്ണപിള്ള, നാല്പതുകളുടെ ആദ്യം കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. കൊല്ലും കൊലയും പതിവാക്കിയിരുന്ന ജന്മികളും അവരുടെ ഗുണ്ടകളും സംഘടനാപ്രവർത്തനം നടത്തുന്നവരെ ആക്രമിച്ച് ഇല്ലാതാക്കുന്ന കാലമായിരുന്നു അന്ന്. തൊഴിലാളികളുടെ ജോലിസമയം ക്ലിപ്തപ്പെടുത്താനും കൂലിവർധിപ്പിക്കാനും വി എസ നയിച്ച കടുത്ത പോരാട്ടങ്ങൾ സഹായിച്ചു. ജീവൻ പണയം വെച്ചും വി എസ് അവരെ മുന്നിൽ നിന്ന് നയിച്ചു.
1956-ലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒൻപതുപേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ആളാണ് വി എസ്. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും സഖാവ് വി എസ് നിരന്തരമായ സമരത്തിലായിരുന്നു വി.എസിന്റെ ജീവിതം മുഴുവൻ സമരതീക്ഷ്ണമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസ്. എത്തി, ആ സമരങ്ങൾക്ക് ഊർജംപകർന്നു. എവിടെയും സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി മാറിയ സഖാവ് വി എസ്, സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുഖമാണ്, അന്നും ഇന്നും.
സ്ത്രീകളുടെയും കുട്ടികളുടെയും ഇരകളാക്കപ്പെടുന്നവരുടെയും സംരക്ഷണത്തിനുവേണ്ടി നിലപാടെടുക്കുന്നതും അവരുടെ സമരഭൂമികളിൽ അവരോടൊപ്പം ചേരുന്നതും രാഷ്ട്രീയ പ്രവർത്തനമായിത്തന്നെയാണ് വി.എസ്. കണ്ടത്. സൂര്യനെല്ലി കേസടക്കം ഇത്തരത്തിലുള്ള എല്ലാ സമരവഴികളിലും വി.എസിന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. വി.എസിന്റെ ജനസമ്മതി വർധിക്കാൻ ഇതും കാരണമായിട്ടുണ്ട്.
കേരളത്തിനകത്ത് സഖാവ് വി എസിനെ പോലെ ഇത്രയധികം ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കൾ ചുരുക്കമേയുള്ളൂ. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലുള്ള ലളിതമായ ജീവിതം അദ്ദേഹത്തെ പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനാക്കി. കെ കരുണാകരൻ, ബാലകൃഷ്ണ പിള്ള, കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ മഹാരഥന്മാരൊക്കെ സഖാവ് വി എസിനോട് പൊരുതി, പരാജയം സമ്മതിച്ചവരാണ്. വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾ ആണ് വി എസ് നടത്തിയിട്ടുള്ളത്.
പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയ ഒരു ദീർഘയാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം.
സ്വഭാവഹത്യകളും, കെട്ടിച്ചമച്ച ആരോപണങ്ങളും അദ്ദേഹത്തിന് ഒരു പോറൽ പോലും ഏല്പിച്ചില്ല. പാവങ്ങളുടെ പടത്തലവൻ എന്ന പേര് ഇന്നും ഒരു നേതാവിന് മാത്രമേ അനുയോജ്യമായിട്ടുള്ളൂ. 102 ആം വയസ്സിലേക്ക് കടക്കുന്ന സഖാവ് വി എസ് അച്യുതാനന്ദന് അഭിവാദ്യങ്ങൾ..