‘കാണാൻ വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം, ആവശ്യം പേപ്പറില്‍ എഴുതണം’; നിര്‍ദേശം നല്കി കങ്കണ
മാണ്ഡി: തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കെെയില്‍ കരുതണമെന്ന് നിർദേശം നല്കി മാണ്ഡിയിലെ എം പിയും നടിയുമായ കങ്കണ റണാവത്ത്.
കൂടാതെ എന്താവശ്യത്തിനാണ് കാണുന്നതെന്ന് ഒരു പേപ്പറില്‍ എഴുതികൊണ്ടും വരണമെന്നും കങ്കണ ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തില്‍ കടലാസില്‍ എഴുതികൊണ്ട് വരാൻ പറഞ്ഞതെന്ന് കങ്കണ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘ഹിമാചല്‍ പ്രദേശില്‍ ധാരാളം വിനോദസഞ്ചാരികള്‍ വരുന്നുണ്ട്. അതിനാല്‍ മാണ്ഡിയിലെ ജനങ്ങള്‍ ആധാർ കാർഡ് കരുതേണ്ടതാണ്. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് തന്നെ കാണുന്നതെന്നും പേപ്പറില്‍ എഴുതണം. ജനങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടി വരാതിരിക്കാനാണ് ഇത്. തന്റെ ഓഫീസിലേക്ക് നിരവധി ടൂറിസ്റ്റുകളും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരും എത്തുന്നുണ്ട്.
അതിനാല്‍ മണ്ഡലത്തില്‍ ഉള്ളവർ വളരെ അധികം അസൗകര്യം നേരിടുന്നുണ്ട്. തുടർന്നാണ് പുതിയ നടപടി. കൂടാതെ ഹിമാചലിന്റെ വടക്കൻ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് എന്നെ കാണാൻ മണാലിയിലെ വീട്ടിലേക്ക് വരാം. മാണ്ഡിയിലുള്ളവർക്ക് നേരെ ഓഫീസില്‍ വരാം. നേരിട്ട് കാണുന്നതാണ് നല്ലത്’, കങ്കണ പറഞ്ഞു.
കങ്കണയുടെ ഈ നിർദേശം വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെ വൻ വിമർശനവും നേരിടുന്നുണ്ട്. കങ്കണയ്ക്ക് എതിരായി മാണ്ഡിയില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗും വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ജനപ്രതിനിധികളാണ്. അതിനാല്‍ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ കാണേണ്ടത് ഉത്തരവാദിത്വമാണ്. അത് ചെറിയ ജോലിയായാലും വലിയ ജോലിയായാലും. അതിന് ആധാർ കാർഡ് വേണ്ട. പേപ്പറില്‍ ആവശ്യം എഴുതി വരുവാൻ പറയുന്നത് ശരിയായ നടപടിയല്ല’, -വിക്രമാദിത്യ സിംഗ് പറഞ്ഞു