ആര്യ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും എന്ന് വെള്ളാപ്പള്ളി നടേശൻ; മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവനെന്ന് വിളിച്ച മുസ്ലിംലീഗ് വെറും മലപ്പുറം പാർട്ടി
തിരുവനന്തപുരത്തെ സിപിഎമ്മിന്റെ തോല്‍വിയില്‍ പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉയർത്തുന്നത്. ആര്യ ഉണ്ടാക്കിയ വിവാദങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. വിളയാതെ ഞെളിയരുത് എന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും, ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നും കൂടെ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, യഹോവേ അവരങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു അവര്‍ക്ക്. അധികാരത്തിന്റെ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാര്‍ഷ്ട്യവും കാട്ടിയതാണ് ചര്‍ച്ചാവിഷയമായത്. ഇതാണ് കോര്പ്പറേഷന് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്.
എന്തെല്ലാം നല്ല നേട്ടങ്ങള്‍ ചെയ്തിട്ടും അത് താഴെത്തട്ടിലുകളില്‍ അറിയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറേണ്ടതുണ്ട്’- എന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
പതിവ് പോലെ മുസ്ലീം ലീഗിനെയും വെള്ളാപ്പള്ളി വെറുതെ വിട്ടില്ല. മുസ്ലിം ലീഗ് വെറും മലപ്പുറം പാര്‍ട്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്ത് കൊണ്ടുപോയി എന്നും അദ്ദേഹം അധിക്ഷേപിച്ചു.
മുസ്ലീം ലീഗ് നിയന്ത്രിക്കുന്ന യു ഡി എഫിനെ താൻ സഹായിക്കാത്തത് വിശ്വസിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. ഞാനൊരു വര്‍ഗീയവാദി ആണെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. മുസ്ലിം സംഘടനകള്‍ എനിക്ക് എതിരേ പ്രമേയം പാസാക്കി. ലീഗിന്റെ പത്രം എഡിറ്റോറിയല്‍ എഴുതി. എന്നെയും യോഗത്തേയും മുസ്ലിം വിരോധിയാക്കി,’ എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താനൊരു മുസ്ലീം വിരുദ്ധനല്ല എന്നും, തന്നെ ദേശീയവാദിയായി കൊണ്ട് നടന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ ഉള്ളില്‍ ജാതിചിന്ത ഇല്ല. എന്നാല്‍ ജാതി വിവേചനം കാണിക്കുമ്പോള്‍ ആ ചിന്ത ഉണ്ടാകാറുണ്ട്. സമുദായത്തിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ വിമര്‍ശിക്കും എന്നും, മുസ്ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്ലീം ലീഗിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. മുന്‍ മുഖ്യമന്ത്രിമാരായ എകെ ആന്റണിയും വിഎസ് അച്യുതാനന്ദനും ലീഗിനെതിരെ പറഞ്ഞിട്ടില്ലേ. എന്നാല്‍ ഞാന്‍ മുസ്ലീം ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും എന്നെ ചീത്ത വിളിക്കുകയാണ്,’ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
14 യൂണിവേഴ്സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്സിറ്റി പോലും ഈഴവര്‍ക്കില്ല എന്നും ലീഗിന് ഒരുപാട് സ്കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്കൂളെങ്കിലും തങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. താന്‍ ഗുരുവിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. സോദരചിന്തയോടെ ജീവിക്കണമെന്നാണ് തനിക്കാകെ അറിയാവുന്നത്.
സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി എന്നും തങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല എന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവന് എന്നാണ് പറഞ്ഞത് എന്നും ഇങ്ങനെ തറവർത്തമാനം പറയുന്നവര്‍ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന് കുട്ടികളുണ്ടാവുക? പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപവും ഇവിടെ ഉണ്ടായിരുന്നില്ല’ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.













