യെച്ചൂരിയുടെ പിൻഗാമി ആര്? സിപിഎം പിബി യോഗം ഇന്ന്
അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമി ആരെന്നത് സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രാഥമിക ധാരണയാകും.
പിബിയുടെ ശിപാര്‍ശ കൂടി പരിഗണിച്ച് 27ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മധുര പാർട്ടി കോണ്‍ഗ്രസില്‍, മൂന്നു ടേം പൂർത്തിയാക്കി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത നിര്യാണം.
അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ ചേരാനിരിക്കെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. അടുത്ത ജനറല്‍ സെക്രട്ടറി പദത്തിലേക്കു വൃന്ദ കാരാട്ട്, മണിക് സർക്കാർ, എം.എ.ബേബി തുടങ്ങിയ പേരുകളാണ് ചർച്ചകളില്‍ സജീവം.
മുൻപ് മൂന്നു തവണ സെക്രട്ടറിയായിരുന്നതിനാല്‍ പ്രകാശ് കാരാട്ടിന് താത്കാലിക ചുമതല നല്‍കാനും സാധ്യതയുണ്ട്. ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ആന്ധ്രയില്‍ നിന്നുള്ള ബി.വി. രാഘവലു, തപൻസെൻ എന്നിവരും പരിഗണിക്കപ്പെടാനിടയുണ്ട്.