സിപിഐ വെട്ടിലാകുമോ?; ആത്മകഥ, ഉടനെന്ന് കെഇ ഇസ്മയിൽ

മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ ആത്മകഥ എഴുതുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ അനുഭവങ്ങളായിരിക്കും ആത്മകഥയിലെന്നു അദ്ദേഹം വ്യക്തമാക്കി. പാർട്ടി, ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ വിവരണങ്ങളായിരിക്കും പുസ്തകമെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
‘ഞാൻ ആത്മകഥ എഴുതി തുടങ്ങിയിട്ടുണ്ട്. എന്നു പ്രസിദ്ധീകരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ പുറത്തിറങ്ങും. പാർട്ടിക്കും പുറത്തുമുള്ള എന്റെ എല്ലാ അനുഭവങ്ങളും പുസ്തകത്തിലുണ്ടാകും. ഏഴ് പതിറ്റാണ്ടായുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിലുള്ള ജീവിതവും എഴുതുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.
സിപിഐയിൽ നിന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം ആത്മകഥയുടെ കാര്യം വെളിപ്പെടുത്തിയത്.
‘പാർട്ടി തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഈ പാർട്ടിക്കു വേണ്ടിയാണ് ജീവിച്ചത്. ഒരു സിപിഐ അംഗമായി തന്നെ ഞാൻ ജീവിക്കുന്നു. മരിക്കുമ്പോഴും അങ്ങിനെ തന്നെ ആയിരിക്കും’- അദ്ദേഹം വ്യക്തമാക്കി.