ടെൻഷൻ കൂടുന്തോറും മദ്യപാനവും കൂടി, ഒടുവിൽ വയ്യാതായി; മലയാളത്തിൻറെ മഹാനടി ഉർവശി മനസ്സ് തുറന്നപ്പോൾ
മലയാള സിനിമയിലെ ഏറ്റവും നല്ല നടി ആരാണ് അല്ലെങ്കിൽ ആരായിരുന്നു എന്ന് ചോദിച്ചാൽ പലരും പറയുന്നത് വ്യത്യസ്തമായ പേരുകളായിരിക്കും. പഴയകാല നടിയായ ശാരദ മുതൽ ശോഭനയിലൂടെ, മഞ്ജു വാര്യരിലൂടെ കടന്നുപോകുന്ന പല പേരുകളും കേൾക്കാൻ കഴിയും. എന്നാൽ ഉർവശി എന്ന നടിക്ക് വെല്ലുവിളി ഉയർത്താൻ മാത്രം അഭിനയ മികവുള്ള ഒരു നടിയും ഇന്നേവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം.
പക്ഷെ സിനിമകളിൽ തിളങ്ങി നിന്നശേഷം, വിവാഹത്തിന് ശേഷം വല്ലാത്തൊരു മാറ്റം വന്ന ഉർവശിയെ നമ്മൾ കണ്ടു. പൊതുസ്ഥലത്ത് കാറിൽ വന്നിറങ്ങി, ഒന്ന് നേരെ നില്ക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവരെ കണ്ടു. കടുത്ത മദ്യപാനിയാണ് നടിയെന്ന് പലരും വിധിയുമെഴുതി. ആ കാലത്തേ കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഉർവശി. രഞ്ജിനി ഹരിദാസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ ആദ്യ വിവാഹജീവിതത്തിലെ മോശം അനുഭവങ്ങളും, മദ്യപാനശീലം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും തുറന്നുപറയുകയാണ് ഉര്‍വശി. ഭര്‍തൃവീട്ടില്‍ ജീവിക്കേണ്ടവള്‍ എന്ന രീതിയിലാണ് തന്റെ കുടുംബം തന്നെ വളര്‍ത്തിയതെന്നും ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും അവർ പറയുന്നു.
വിവാഹം സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്തത് കൊണ്ട് , അത് നല്ലതാണെന്ന് വീട്ടുകാരെ കാണിക്കാന്‍ ഒരുപാട് വാശി പിടിച്ചെന്നും ഉര്‍വശി പറയുന്നു. അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ മദ്യപിക്കുന്നതിന്റെ അളവ് കൂടി വന്നു. അതിന് അനുസരിച്ച് ആരോഗ്യം മോശമായി. ഉറക്കം നഷ്ടപ്പെടുകയും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. തൻറെ സുഹൃത്തുക്കളും പേഴ്സണല്‍ സ്റ്റാഫും ചേര്‍ന്നാണ് തന്നെ ഇതില്‍ നിന്നെല്ലാം മോചിപ്പിച്ചതെന്നും ഉര്‍വശി പറയുന്നു.
‘വിവാഹം കഴിഞ്ഞ് ചെല്ലുമ്പോള്‍ ആ വീട്ടില്‍ നമ്മുടെ കുടുംബത്തില്‍ ഇല്ലാത്ത ചിട്ടകളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ വളരെ ഫോര്‍വേഡായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണവും ഡ്രിങ്ക്സുമെല്ലാം കഴിക്കും. അച്ഛനും അമ്മയും മക്കളുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പങ്കുവെക്കുന്നവരാണ്. വളരെ ഹാപ്പിയായി അടിച്ചുപൊളിച്ച് ജീവിക്കുന്നവരാണ്. അവിടേക്ക് ചെന്നപ്പോള്‍ എനിക്ക് അദ്ഭുതമായിരുന്നു. ഇങ്ങനെയൊക്കെ സാധ്യമാണോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു പോകാന്‍ ശ്രമിച്ചു.
പിന്നെ ഇതെല്ലാം കഴിഞ്ഞ് വയറ്റിപ്പിഴപ്പിനായി ജോലിക്ക് പോകുകയും വേണം. അങ്ങനെ ഞാന്‍ മറ്റൊരാളായി മാറിക്കൊണ്ടരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയി. എനിക്ക് ഇതൊന്നും പറയാനും ആരുമില്ല. കാരണം ഞാൻ സ്വയം എടുത്ത തീരുമാനമായിരുന്നു ഈ വിവാഹം. അതില്‍ പ്രശ്നങ്ങളില്ലെന്ന് വീട്ടുകാരെ കാണിക്കാന്‍ ഒരുപാട് ശ്രമിച്ചു. വാശി പിടിച്ചു. എല്ലാം അറിയുന്ന ആള് കല ചേച്ചി ആയിരുന്നു. ചേച്ചിയും ശരിയാക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും നമ്മള് വേറെ ഒരാളായി മാറിയിരുന്നു. നമ്മള് കുഴിയിലേക്ക് വീണു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു.
ശ്രീദേവി മാഡത്തെ കുറിച്ച് ഞാന്‍ മുമ്പ് കേട്ടിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് തളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് റിലാക്സ് ആവാന്‍ ഡ്രിങ്ക്സ് കൊടുക്കുമെന്ന്. ഹെവി ആയി ജോലി എടുക്കുന്നതിനാല്‍ അത് കൊടുത്താണ് അവരെ പിടിച്ചു നിര്‍ത്തിയിരുന്നതെന്ന് അവരോടൊപ്പം അഭിനയിച്ച രാധയെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. കുട്ടി പത്മിനിയും അത് പറഞ്ഞിട്ടുണ്ട്.
ഡ്രിങ്ക്സ കഴിക്കുന്നത് കൂടുന്നതിന് അനുസരിച്ച് ആരോഗ്യം മോശമാവുകയും ചെയ്തു. ഉറക്കം നഷ്ടപ്പെടുകയും ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരികയും ചെയ്തു. കുറേനാൾ മദ്യപാനത്തെ മാത്രം ആശ്രയിച്ചു ജീവിച്ചു. പിന്നെ ചുറ്റുപാട് മറക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടായി. എന്റെ സുഹൃത്തുക്കളും പേഴ്സണല്‍ സ്റ്റാഫും ചേര്‍ന്ന് എന്നെ അതില്‍നിന്നും മോചിപ്പിക്കാന്‍ മുന്നോട്ടുവന്നു.
എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടാണ് ഞാന്‍ മിണ്ടാതിരുന്നത്. മറുഭാഗത്ത് നിന്ന് വന്ന വിശദീകരണങ്ങള്‍ ഒന്നും ശരിയായ രീതയിലായിരുന്നില്ല. നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 85 മുതല്‍ 95 വരെ മലയാള സിനിമയില്‍ ആക്റ്റീവ് ആയി നിന്ന ഉര്‍വശി എന്താണെന്ന് ഇവിടെയുള്ളവര്‍ക്ക് അറിയാം. എന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന്റെ കാരണവും വ്യക്തമാണ്.
എന്തായാലും എനിക്ക് ഇങ്ങനെ ഒരു നിയോഗമുണ്ടായിരുന്നു. എന്റെ മകള്‍ ഇങ്ങനെ രണ്ട് പേരുടെ മകളായി ജനിക്കണം എന്നത്. അത് ദൈവം തീരുമാനിച്ചതാണ്. ആ നിയോഗം പൂര്‍ത്തിയായി. ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നേയില്ല. എന്നും ‘ഉര്‍വശി പറയുന്നു.
എട്ടാമത്തെ വയസ്സിൽ മലയാളത്തിലെ കുട്ടികളുടെ ചിത്രമായ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലെ ഒരു അപ്രധാന വേഷത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 1983 ൽ ഭാഗ്യരാജിന്റെ നായികയായി മുന്താണൈ മുടിച്ചു എന്ന ചിത്രത്തോടെ സിനിമയിൽ സജീവമായി. 1984 ൽ പുറത്തിറങ്ങിയ എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തത്. അന്നുമുതൽ ഇന്നുവരെ, സിനിമകൾ എത്ര മോശമായാലും തന്റെ റോൾ ഒട്ടും മോശമാക്കാത്ത ഒരേയൊരു നടി ഉർവശി മാത്രമാണ് എന്ന് പറയേണ്ടി വരും. ഈയിടെ നായികാപ്രാധാന്യമുള്ള റോളിൽ വന്ന ഉള്ളൊഴുക്കുകൾ എന്ന സിനിമയും അതിന് നല്ലൊരു ഉദാഹരണമാണ്.













