വിനായകനോടും അയാളുടെ കുലത്തോടുമുള്ള വിവേചനത്തിനും അനീതിക്കും എതിരെയാണ് അയാൾ ശബ്ദമുയർത്തുന്നത്; സത്യം വിളിച്ച് പറയുമ്പോൾ വ്യാകരണമോ, ഭാഷാശുദ്ധിയോ നോക്കേണ്ട കാര്യമില്ല

ഇത് വിനായകൻ ഫേസ്ബുക്കിൽ കുറച്ച് മുന്നെയിട്ട ഒരു പോസ്റ്റാണ്. വിമർശിക്കുന്നതും വിരൽ ചൂണ്ടുന്നതും, മലയാള സിനിമാലോകം തലയിലേറ്റി വെച്ചിരിക്കുന്ന രണ്ടു മഹാരഥന്മാരുടെ നേർക്കാണ്. യേശുദാസും അടൂർ ഗോപാലകൃഷ്ണനും.
ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല. എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ? എന്ന് വിനായകൻ ചോദിക്കുന്നു. സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? എന്നാണ് അടുത്ത ചോദ്യം.
വെള്ള ഉടുപ്പിട്ട് പറഞ്ഞാൽ, യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ?
ജുബ്ബയിട്ട് ചെയ്താൽ അടൂർ ചെയ്തത് അസഭ്യമാകാതെ ഇരിക്കുമോ? ഇതാണ് വിനായകന്റെ ചോദ്യം. ചാലയിലെ തൊഴിലാളികൾ തിയറ്ററിലെ വാതിൽ പൊളിച്ച്, സെക്സ് രംഗങ്ങൾ കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ?
ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ വിളിച്ച് പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട്, പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ, അത് തുടരുക തന്നെ ചെയ്യും… ഇതാണ് വിനായകൻ പറയുന്നത്.
വളരെ വ്യക്തമായി വിനായകൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വിനായകൻ കണ്ണടച്ച് ചീത്ത വിളിക്കുന്ന പലർക്കും മനസ്സിലാകാത്ത കാര്യമാണ് ഈ പറഞ്ഞ അടൂരിനും യേശുദാസിനും ലഭിക്കുന്ന പ്രിവിലേജ്.
ഇപ്പോൾ കഴിഞ്ഞ സിനിമാ കോൺക്ലേവിൽ ദളിത് സിനിമാപ്രവർത്തരെ പറ്റി അടൂർ പറഞ്ഞതാണ് വിനായകൻ ചൊടിപ്പിച്ചത്. അവർക്ക് വേണ്ടി വിനായകൻ പച്ച മലയാളത്തിൽ പ്രതികരിച്ചു. മലയാള സിനിമയിൽ പറയാത്ത ഒരു വാക്ക് പോലും വിനായകൻ പറഞ്ഞിട്ടുമില്ല. സിനിമയിൽ ജോജുവും, ജാഫർ ഇടുക്കിയും, വിനയ് ഫോർട്ടും ചെമ്പൻ വിനോദും പറയുമ്പോൾ കയ്യടിക്കുന്നവർക്ക് വിനായകൻ പറയുമ്പോൾ പൊള്ളുന്നതെന്താണ്? ആക്ഷേപം ഉണ്ടെങ്കിൽ, ഈ അധിക്ഷേപം നേരിട്ട യേശുദാസോ, അടൂരോ പരാതി കൊടുക്കട്ടെ.
മുന്നേ നടന്ന ചില സംഭവങ്ങൾ നോക്കാം. വിനായകന്റെ പോലീസ് സ്റ്റേഷനിലെ ഒരു വീഡിയോയിൽ കണ്ടതാണ്. എന്റെ വീട്ടിൽ വന്ന സ്ത്രീ ആരാണ് എന്ന് വിനായകൻ ചോദിക്കുന്നു.
അവര് വനിതാ പോലീസ് ആണ് എന്ന് അവിടുത്തെ ഇൻസ്പെക്റ്റർ പറയുന്നു. അപ്പോൾ വിനായകൻ പറയുന്നത് , അവര് യൂണിഫോമിൽ ആയിരുന്നില്ല, ഞാൻ ഐഡി കാർഡ് ചോദിച്ചിട്ടു കാണിക്കാൻ അവർ തയാറായില്ല. അത് എന്ത് കൊണ്ടാണ് ?
ഉടനെ ആ ഇൻസ്പെക്ടർ പൊട്ടിത്തെറിക്കുകയാണ്, ഐഡി കാണിക്കാൻ നീ ആരാടാ? എന്നാണ് മറുപടി.
വിനായകൻ ഉറക്കെ തന്നെ പറയുന്നത് ഞാൻ ഈ രാജ്യത്തെ പൗരൻ ആണ് എനിക്ക് വീട്ടിൽ വന്ന ആൾ യൂണിഫോമിൽ അല്ലങ്കിൽ ഐ ഡി ചോദിക്കാൻ അധികാരം ഉണ്ട് എന്നാണ്.
തീർച്ചയായും അയാൾക്ക് അതിന് അധികാരം ഉണ്ട്. ഇല്ലെന്ന മട്ടിൽ പോലീസുകാർ പറയുന്നത് അയാളുടെ ജാതിയും നിറവും ഒക്കെ നോക്കിത്തന്നെയാണ്. ഈ പറഞ്ഞ യേശുദാസോ അടൂരോ ആയിരുന്നെങ്കിൽ അങ്ങനെയൊരു ചോദ്യം പോലീസിൻറെ ഭാഗത്ത് നിന്നും ഉണ്ടാകില്ല.
ഈ സമൂഹം തന്നെ അങ്ങനെയാണ്. ജയിലർ സിനിമയിൽ അഭിനയിച്ചതിന് കോടികൾ പ്രതിഫലമായി കിട്ടിയ കാര്യം വിനായകൻ തന്നെ പറഞ്ഞതാണ്. അപ്പോളും മനോരമാ അത് മുപ്പത്തിഅഞ്ച് ലക്ഷമാക്കി ഒതുക്കി നിറുത്തി.
അതിനുമൊക്കെ മുന്നേ മീ ടൂ ആരോപണം വന്നപ്പോൾ, “ശാരീരികവും മാനസികവുമായ പീഡനത്തിന് മീ ടൂ എന്നാണ് പേരെങ്കിൽ, ഞാൻ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. വിനായകൻ അത്രയും തരംതാഴ്ന്നവനല്ല.’ എന്ന് ഉറച്ച ശബ്ദത്തിൽ തല ഉയർത്തിപ്പിടിച്ചാണ് വിനായകൻ മറുപടി നൽകിയത്. വിനായകൻ അത് പറയുമ്പോൾ നീ മിണ്ടരുതെന്ന് കുറച്ച് പേര് ഒച്ച വെച്ചിരുന്നു. നടൻ ദിലീപിന് മുന്നിൽ ഏറാൻ മൂളികളായി ഇതേ ആളുകൾ നിൽക്കുന്നതും നമുക്ക് കാണാവുന്നതാണ്.
വിനായകനെതിരെ കുറച്ച് കൊണ്ട് ചാടി വീഴാനും, ദിലീപിനെയും മറ്റുള്ള സൂപ്പർ താരങ്ങളെയും കാണുമ്പോൾ, കാലിൽ വീഴാനും തോന്നുന്നത് ഒരു പ്രത്യേക തരാം കാഴ്ചപ്പാടാണ്. ഡാ വിനായകാ എന്ന് വിളിക്കുന്ന ഇതേ ആളുകൾ തന്നെയാണ് ലാലേട്ടാ, മമ്മുക്കാ എന്നൊക്കെ വിളിക്കുന്നതും.
അടൂർ ഗോപാലകൃഷ്ണനിലും, യേശുദാസിലും നിങ്ങൾ കാണുന്ന ആ പൊള്ളയായ ആഢ്യത്വം, വിനായകനിൽ നിങ്ങൾ കാണുന്നില്ല. അതുകൊണ്ടാണ് അയാളെ എന്തും പറയാവുമെന്ന അവസ്ഥയിലേക്ക് എത്തുന്നത്.
അയാളുടെ കുലത്തോട് ഇവിടുത്തെ സമൂഹം കാണിച്ചിരുന്ന, ഇപ്പോളും കാണിച്ച് കൊണ്ടിരിക്കുന്ന അനീതികൾക്ക് എതിരെയാണ് അയാളുടെ ശബ്ദം ഉയരുന്നത്. അത് പച്ചമലയാളത്തിലും വരും, ശുദ്ധീകരിച്ച അച്ചടി ഭാഷയിലും വരും.