ഏറ്റുമുട്ടലിനിടെ ഒരു മെറ്റല്‍ പീസ് വന്ന് കണ്ണില്‍ തറച്ചു; ഇപ്പോള്‍ ഇടത് കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുകയാണ്: മേജര്‍ രവി
Posted On June 18, 2024
0
173 Views
സൈനിക സിനിമ എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓർമ്മ വരിക സംവിധായകൻ മേജർ രവിയുടെ മുഖമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്ക തന്നെ ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നതാണ്. 1975-ല്‍ തന്റെ പതിനേഴാം വയസില്‍ സൈന്യത്തില്‍ ചേർന്ന വ്യക്തിയാണ് മേജർ രവി. ആർമി കേഡറ്റ് കോളേജില്‍ നിന്നും പഠിച്ച് ബിരുദം നേടി 1984-ല്‍ അദ്ദേഹം ആർമി ഓഫീസറായി നിയമിതനായി. സൈന്യത്തിലെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ മേജർ രവി, 21 വർഷത്തെ സൈനിക സേവനത്തിന് ശേഷം 1996-ലാണ് സൈന്യത്തില്‍ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചത്. അക്കാലത്ത് യുദ്ധ സമയത്ത് തനിക്ക് ഉണ്ടായ ഒരു അപകടത്തെപ്പറ്റി മനസ് തുറക്കുകയാണ് മേജർ രവി. കണ്ണിനുണ്ടായ പരിക്കിനെ പറ്റിയാണ് ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. "മരണം നമ്മള് വിചാരിക്കുന്ന സമയത്ത്, നമ്മള് തീരുമാനിച്ചാലും നടക്കണമെന്നില്ല. എന്നെ ഒരാള്‍ക്ക് കൊല്ലണമെങ്കില്‍ 1880 മുതല്‍ 1992 വരെ ഞാൻ സൈന്യത്തില്‍ ഉണ്ടായിരുന്ന സമയത്ത് കൊല്ലാമായിരുന്നല്ലോ. ദിവസം എന്നൊന്നും പറയുന്നില്ല, ആഴ്ചയിലോ മാസത്തിലോ ഒന്നോ രണ്ടോ തവണ എങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഒരിഞ്ച് വ്യത്യാസത്തില്‍ ബുള്ളറ്റുകള്‍ നമ്മുടെ ദേഹത്ത് തറക്കാതെ പോയിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രം കണ്ണിന് ചെറിയ ഒരു പരിക്ക് പറ്റി, അത്രമാത്രം". "കണ്ണില്‍ നേരിട്ടുവന്ന് ബുള്ളറ്റ് കൊണ്ടല്ല. കുറച്ചുദിവസം കണ്ണില്‍ കരട് പൊട്ടുന്ന പോലെ ഒരു അനുഭവമായിരുന്നു. പിന്നീടാണ് അതില്‍ നിന്നൊരു മെറ്റല്‍ പീസ് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ചയ്ക്ക് കുറച്ച് മങ്ങല്‍ അനുഭവപ്പെടുന്നുണ്ട്. ബുള്ളറ്റ് വാഹനത്തിന്റെ മുകളില്‍ പോയി അടിച്ച് അതില്‍നിന്ന് ഒരു പീസ് വന്നു കണ്ണില്‍ തറക്കുകയായിരുന്നു. അതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാനൊരു അക്കാദമി നടത്തുന്ന ആളാണ്. അവിടെ ചേരുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഞാൻ പറയുന്ന ഒരു കാര്യമുണ്ട്. പട്ടാളത്തില്‍ പോയി കഴിഞ്ഞാല്‍ മരിക്കും എന്ന ചിന്ത മാറ്റിവെക്കണം. മരിക്കാൻ പട്ടാളത്തില്‍ പോകണമെന്നില്ല. മരണം ആരുടെയും കൈയിലില്ല. അതെങ്ങനെയും സംഭവിക്കാം"-മേജർ രവി പറഞ്ഞു.
Trending Now
കേരളത്തിന് സമീപം ചക്രവാത ചുഴി; മഴ ശക്തമാകും
October 26, 2024