ശരീരം തളര്‍ന്ന ആരാധകൻ ഡിസൈൻ ചെയ്ത് നല്കിയ ഷര്‍ട്ട് പൊതുവേദിയില്‍ ധരിച്ചെത്തി മമ്മൂട്ടി
ആരാധകൻ സമ്മാനിച്ച ഷർട്ട് ധരിച്ച് സിനിമ പ്രമോഷനെത്തി സൂപ്പർതാരം മമ്മൂട്ടി. ശാരീരിക പരിമതികള്‍ക്കിടയില്‍ മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് എന്ന യുവാവ് സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത ഷർട്ടാണ് താരം അണിഞ്ഞത്.
മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകള്‍ക്കിടയില്‍ ബ്രഷ് കടിച്ച് പിടിച്ചു കൊണ്ടാണ് ലിനൻ ഷർട്ടില്‍ ഡിസൈൻ ചെയ്ത് തന്റെ പ്രിയതാരത്തിന് സ്നേഹസമ്മാനം നല്‍കിയത്.
ഇടിയൻ ചന്തു എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനാണ് താരം ഈ ഷർട്ട് ധരിച്ചെത്തിയത്. ഒരു മാസം മുൻപ് ദുബായില്‍ എത്തിയപ്പോള്‍ ജസ്ഫർ കോട്ടക്കുന്ന് കുടുംബസമേതം മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. മമ്മൂട്ടിയുടെ മനോഹരമായ ഒരു ചിത്രം അദ്ദേഹം വരച്ചു നല്കി. അതിനൊപ്പമാണ് മനോഹരമായ ഷർട്ടും സമ്മാനിച്ചത്. വളരെ സന്തോഷത്തോടെ ഷർട്ട് സ്വീകരിച്ച താരം അത് ധരിക്കുമെന്നും ഉറപ്പു നല്കി.
ഒരു മാസമായിട്ടും താരം ഷർട്ട് ധരിച്ച് കാണാതിരുന്നതോടെ അദ്ദേഹം മറന്നുപോയെന്നാണ് ജസ്ഫർ കരുതിയത്. എന്നാല്‍ ജസ്ഫറിനെ പോലും ഞെട്ടിച്ചുകൊണ്ട് താരം ഷർട്ട് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സിനിമയില്‍ മമ്മൂട്ടിയ്ക്ക് വസ്ത്രം ഡിസൈൻ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് അളവ് മനസിലാക്കിയാണ് ഷർട്ട് തയാറാക്കിയത്. അതിനാല്‍ തന്നെ താരത്തിന് കൃത്യം പാകമാവുകയായിരുന്നു.