കൃത്യമായി നികുതി അടച്ചതിനു മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം
ജിഎസ്ടി നികുതികൾ കൃത്യമായി അടച്ചതിനു നടി മഞ്ജു വാര്യർക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്. കൃത്യമായി നികുതി നൽകുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രശംസാപത്രം ആണ് താരത്തിന് ലഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചു. കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് സമ്മാനിച്ചതിന് നന്ദി അറിയിച്ചു മോഹൻലാലും രംഗത്തെത്തിയിരുന്നു. ആശിർവാദ് സിനിമാസ് അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും സന്തോഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഞ്ജു വാര്യരെയും ഈ അംഗീകാരം തേടിയെത്തിയത്.
മേരി ആവാസ് സുനോ, ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ എന്നിവയാണ് ഈ വർഷം മഞ്ജുവിന്റെ റിലീസ് ആയ ചിത്രങ്ങൾ. തമിഴിൽ അജിത്തിന്റെ എകെ61ന്റെ നായികയായാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Content Highlights – Central Government Appreciation, Manju Warrier