വിടവാങ്ങിയത് തമിഴകത്തിന്റെ ‘ക്യാപ്റ്റന്‍’
അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്തിന്റെ താരനായകനായിരുന്നു വിജയകാന്ത്. കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു തുല്യനിലയിലുള്ള സൂപ്പര്‍ സ്റ്റാറായിരുന്നു.
കമല്‍ ഹാസനെയും രജനികാന്തിനെയും പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചെങ്കിലും ആരാധകര്‍ പുരട്ച്ചി കലൈഞ്ജറെ തുണച്ചില്ല. തീഷ്ണമായ നോട്ടങ്ങളും സാധാരണ പ്രേക്ഷകരെ അമ്ബരപ്പിക്കാന്‍ പോന്ന ആക്ഷന്‍ വൈഭവങ്ങളുമായാണ് വിജയകാന്ത് തമിഴ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. 1979-ല്‍ എം എ കാജയുടെ ‘ഇനിക്കും ഇളമൈ’ ആണ് മധുരൈ സ്വദേശി വിജയ്രാജ് എന്ന വിജയകാന്തിന്റെ ആദ്യ ചിത്രം. 1981-ല്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘സത്തം ഒരു ഇരുട്ടറൈ’ ആണ് ആദ്യത്തെ ഹിറ്റ് ചിത്രം.
1991ല്‍ ക്യാപ്റ്റന്‍ പ്രഭാകര്‍ എന്ന നൂറാമത്തെ ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് വിജയകാന്ത് ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി രണ്ട് പതിറ്റാണ്ടുകാലം രജനികാന്തിനും കമല്‍ഹാസനുമൊപ്പം തമിഴ് സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായിരുന്നു വിജയകാന്ത്. ഹിന്ദിയിലും തെലുങ്കിലും കന്നടയിലും വരെ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടും വിജയകാന്ത് തമിഴ് സിനിമയില്‍ തന്നെ അടിയുറച്ചു നിന്നു. അമ്മന്‍ കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്, ചിന്ന ഗൌണ്ടര്‍, വല്ലരസു, പുലന്‍ വിസാരണൈ, ഭരതന്, ഏഴൈ ജാതി, സേതുപതി ഐപിഎസ്, കറുപ്പ് നില, ധര്‍മ്മ ചക്രം, പെരിയണ്ണ തുടങ്ങിയ നൂറ്റമ്ബതോളം സിനിമകളിലൂടെയാണ് വിജയ് കാന്ത് തമിഴകത്തിന്റെ സൂപ്പര്‍ താരമായത്. 2002ല്‍ മികച്ച ചിത്രത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ എ ആര് മുരുകദോസിന്റെ ‘രമണ’യാണ് വിജയകാന്തിന്റെ അവസാനകാലത്തെ മികച്ച ചിത്രങ്ങളിലൊന്ന്.
2005ല്‍ വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് 2006ല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും DMDK മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തെ മാത്രമേ ആരാധകര്‍ തുണച്ചുള്ളൂ.