മലയാളത്തിലെ ഒരു സിനിമയും നൂറു കോടി നേടിയിട്ടില്ല; സുരേഷ് കുമാര്‍
മലയാള സിനിമയിലെ നൂറു കോടി കണക്കുകള്‍ കള്ളമാണെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഒരു സിനിമയും നൂറു കോടി കളക്ട് ചെയ്തിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷൻ മാത്രമാണെന്നും, ഒരു പടം ഹിറ്റായാല്‍ താരങ്ങള്‍ കോടികളാണ് വര്‍ധിപ്പിക്കുന്നതെന്നും നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന ചര്‍ച്ചയില്‍ വെച്ച് സുരേഷ് കുമാര്‍ പറഞ്ഞു.
‘ഒരു പടം ഹിറ്റായാല്‍ കോടികള്‍ കൂട്ടുകയാണ്. 100 കോടി ക്ലബ്ബെന്നും 500 കോടി ക്ലബ്ബെന്നും കേള്‍ക്കുന്നുണ്ട്. ഇത് കുറച്ചൊക്കെ ശരിയാണ്. മലയാളത്തിലെ ഒരു സിനിമയും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തു എന്ന് പറയുന്നത് ഗ്രോസ് കളക്ഷനാണ്. കൈവിട്ട കളിയാണ് ഇപ്പോള്‍ നടക്കുന്നത്’, സുരേഷ് കുമാര്‍ പറഞ്ഞു.