വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി പൃഥിരാജ്; വില അഞ്ചരക്കോടിയോളം
ഇറ്റാലിയന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കിടിലന്‍ എസ്.യു.വി ഉറുസ് സ്വന്തമാക്കി നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് (Prithviraj Sukumaran buys Lamborghini Urus) . ആഡംബര വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ ഉറുസിന് ഇന്ത്യയില്‍ ആക്സസറീസ് ഉള്‍പ്പെടെ അഞ്ചരക്കോടി മൂല്യം വരും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഈയിടെ ഉറുസ് ഇറക്കുമതി ചെയ്തത് ട്രെന്‍ഡിംഗ് വാര്‍ത്തയായിരുന്നു.
പ്രീ ഓണ്‍ഡ് കാറുകളുടെ സൂപ്പര്‍ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ലോകോത്തര ലക്ഷ്വറി കാറുകളുടെ കിടിലന്‍ ശേഖരമുള്ള മലയാള സിനിമയുടെ സൂപ്പര്‍ താരം ഈ ലക്ഷ്വറി കാർ സ്വന്തമാക്കിയത്. റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി തുടങ്ങി നിരവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാര്‍ ഷോകേസിലേക്ക് ഇതോടെ ഒരു സൂപ്പര്‍ എസ്.യു.വി കൂടി എത്തിയിരിക്കുകയാണ്.
2000 കിലോമീറ്ററിനു താഴെ മാത്രം ഡ്രൈവ് ചെയ്ത തൻ്റെ ലംബോര്‍ഗിനി ഹ്യുറക്കാന് എക്സ്ചേഞ്ചായി നല്‍കിയാണ് റോയല്‍ ഡ്രൈവില്‍ നിന്ന് പൃഥ്വി ഉറുസ് സ്വന്തമാക്കിയത്. കേരളത്തില്‍ ഹ്യുറക്കന് വാങ്ങണമെങ്കില്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കണമെന്നാണ് വാഹന ലോകത്തു നിന്നുള്ള വാര്‍ത്ത.
രാജ്യത്ത് വലിയ ഡിമാന്റുള്ള എസ്.യു.വി- ലക്ഷ്വറി കാറുകളായ മേഴ്സിഡസ് ബെന്‍സിന്റെ ജി 63, വോഗ്, ബെന്റ്ലി തുടങ്ങിയ വാഹനങ്ങള്‍ കേരളത്തില്‍ അവതരിപ്പിച്ചത് റോയല്‍ ഡ്രൈവ് ആണ്. വാഹനപ്രേമികള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന ആഡംബര കാറുകള്‍ക്ക് അനുയോജ്യമായ ഷോറൂമാണ് റോയല്‍ ഡ്രൈവ്. ഇതിനു മുമ്പും നിരവധി സെലിബ്രിറ്റികള്‍ ആഡംബര ലക്ഷ്വറി കാറുകള്‍ റോയല്‍ ഡ്രൈവില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. വലിയൊരു കസ്റ്റമര്‍ ബെയ്സ് ഉള്ള റോയല്‍ ഡ്രൈവ്, പ്രീഓണ്‍ഡ് ലക്ഷ്വറി വാഹനങ്ങള്‍ വിശ്വസിച്ച് വാങ്ങാനും പൂര്‍ണ്ണ സംതൃപ്തിയോടെ ഉപയോഗിക്കാനും സുതാര്യമായ പ്ലാറ്റ്ഫോം ഒരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി വെഹിക്കിള്‍ ഡീലറാണ്.
കരുത്തിലും പെര്‍ഫോമന്‍സിലും ലുക്കിലും വാഹനപ്രേമികളുടെ മനംകവര്‍ന്ന എസ് യു വിയാണ് ഉറുസ്. സ്റ്റാര്‍ട്ട് ചെയ്ത് നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കേവലം 3.6 സെക്കന്‍ഡുകള്‍ മതി ഉറുസിന്. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗം. ബ്രേക്കിംഗിന്റെ കാര്യത്തിലും കരുത്തനാണ് ഉറുസ്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി എന്ന സവിശഷതയുമുള്ള ഉറൂസ്, സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നില്‍ നില്ക്കുന്നു. ലംബോര്‍ഗിനിയുടെ രണ്ടാം തലമുറയിലെ സൂപ്പര്‍ എസ്യുവി ഇന്ത്യയില്‍ സ്വന്തമാക്കാന്‍ ബുക്ക് ചെയ്ത് മാസങ്ങള്‍ കാത്തിരിക്കണം.