ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ ‘ലാൽ സലാം’ ! ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു…
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് രജനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസറിൽ കാമിയോ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്.
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ആദ്യ ടീസറിൽ നേർക്കുനേർ പോരാടിക്കൊണ്ടിരിക്കുന്ന വിഷ്ണു വിശാലിന്റെയും വിക്രാന്ത് സന്തോഷിന്റെയും മിന്നിമറിയുന്ന ഷോട്ടുകൾക്കിടയിൽ രജനികാന്തിന്റെ രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും രജനികാന്തിനെ അവതരിപ്പിക്കുന്ന ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും.
ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണ് ‘ലാൽ സലാം’. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി എന്നീ 5 ഭാഷകളിലായ് 2024 പൊങ്കൽ ദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.
വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അഥിതി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’.
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.