അക്കരെയക്കരെയക്കരെയിലെ പോള്ബാർബറിനെ മലയാളികൾ മറക്കുമോ
പ്രിയദര്ശന് പോള്ബാർബറിനെ കണ്ടെത്തിയ കഥ
മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് കൂട്ടുക്കെട്ടുകളില്‍ ഒന്നായ മോഹൻലാലും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച് 1990ല്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്ബരയിലെ മൂന്നാമത്തെ ചിത്രമായിരുന്നു അക്കരെയക്കരെയക്കരെ. ശ്രീനിവാസൻ രചന നിർവഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം .
വർഷങ്ങള്‍ക്കിപ്പുറവും റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തില്‍ അക്കരെയക്കരെയക്കരെ മുൻപന്തിയിലാണ്. അക്കരെയക്കരെയക്കരെ റിലീസിനുശേഷം ദാസനേയും വിജയനേയും പോലെ തന്നെ ശ്രദ്ധനേടിയ ഒരാളായിരുന്നു വില്ലൻ കഥാപാത്രമായ പോള്‍ബാർബർ. ഒരു അമേരിക്കക്കാരൻ തന്നെയാണ് പോള്ബാർബറായി അഭിനയിച്ചത്.
മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ ഒരു സ്വർണ്ണ കിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി സിഐഡികളായ ദാസനും വിജയനും അമേരിക്കയിലേക്ക് പോകുന്നതും അവിടെ വെച്ചുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമായിരുന്നു ചിത്രം പറഞ്ഞത്. മുകേഷ്, മണിയൻപിള്ള രാജു, സോമൻ, പാർവ്വതി, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വില്ലൻ കഥാപാത്രമായ പോള്ബാർബറിനെ പിന്നീട് ഒരു മലയാള സിനിമയിലും കണ്ടിട്ടുമില്ല. ഇന്റർനെറ്റിലും ഈ നടനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഇപ്പോഴിതാ പോള്ബാർബറാകാനുള്ള നടനെ പ്രിയദർശനും സംഘവും എങ്ങനെയാണ് കണ്ടെത്തിയതെന്ന രസകരമായ കഥ പങ്കു വെച്ചിരിക്കുകയാണ് നടൻ മുകേഷ്. കുറച്ച് നാളുകള്‍ക്ക് മുമ്ബ് ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അക്കരെയക്കരെയക്കരെ സിനിമയുമായി ബന്ധപ്പെട്ട പിന്നാമ്പുറ കഥകള്‍ മുകേഷ് പങ്കുവെച്ചത്.
നല്ലൊരു വില്ലൻ വേണമെന്ന് പ്രിയദർശന് നിർബന്ധമായിരുന്നു. സിനിമയില്‍ വില്ലന്റെ പേര് പോള്‍ബാർബർ എന്നായിരുന്നു. പോള്‍ബാർബർ ഗംഭീരമായിരിക്കണം… മാത്രമല്ല അമേരിക്കക്കാരൻ തന്നെയാകണമെന്നും പ്രിയന് നിർബന്ധമുണ്ടായിരുന്നു.
അമേരിക്കയിലെ അഭിനേതാക്കള്‍ മണിക്കൂർ കണക്കാക്കിയാണ് ഡോളർ നിശ്ചയിച്ച് പ്രതിഫലമായി വാങ്ങുന്നത്. പോള്‍ബാർ എന്നത് വലിയ റോളുമാണ്. ഒരുപാട് ദിവസത്തെ ഷൂട്ടും ആവശ്യമുണ്ട്. നമ്മുടെ കൂടെ എപ്പോഴും അയാള്‍ സഞ്ചരിക്കുകയും വേണം. വില്ലന്‍ വേണ്ടി മാത്രം നല്ലൊരു തുക ചിലവാക്കേണ്ടി വരും. അമേരിക്കയിലെ നാടക നടന്മാരെപ്പോലും കാസ്റ്റ് ചെയ്യാൻ കഴിയില്ല
കാരണം അവരും വലിയ തുകയാണ് പ്രതിഫലമായി പറയുക. പക്ഷെ വില്ലന്റെ കാര്യത്തില്‍ പ്രിയൻ ഒരു തരത്തിലും കോംപ്രമൈസിന് തയ്യാറായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഒരു ഗാർഡനില്‍ ഷൂട്ട് നടക്കുകയാണ്. ഒരു വലിയ ട്രാഫിക്ക് സിഗ്നലിന് അരികിലായിരുന്നു ഈ ഗാർഡൻ. അവിടെ ഒരു കാർ വന്ന് നിന്നു. ഒരു ഓപ്പണ്‍ കാർ ആയിരുന്നു. അതില്‍ ഒരു സായിപ്പ് നല്ല വെളുത്ത് താടിയൊക്കെ വെച്ച് ഇരിക്കുന്നു. ഒപ്പം ഒരു പെണ്‍കുട്ടിയുമുണ്ട്.
അയാളെ ശ്രദ്ധിച്ച പ്രിയൻ തന്റെ പോള്‍ബാർബർ ഇതുപോലെയായിരിക്കണമെന്ന് ഞങ്ങളോട് പറഞ്ഞു. ശേഷം നിർമാതാവ് വിജയകുമാർ അയാളെ സമീപിച്ച് സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചു. അയാള്‍ ഷോക്കായി. കാരണം അദ്ദേഹം അവിടെ മറ്റ് എന്തോ ജോലി ചെയ്യുന്നയാളാണ്. തങ്ങളുടെവ വില്ലൻ കഥാപാത്രത്തിന് താങ്കളുടെ ഛായയാണ് ഉള്ളതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എത്ര രൂപ നല്‍കുമെന്ന് ചോദിച്ചു.
എത്ര ശമ്ബളമാണോ അയാള്‍ക്ക് ജോലിയില്‍ നിന്നും ലഭിക്കുന്നത് അതിനേക്കാള്‍ പത്ത് ഡോളർ കൂടുതല്‍ തരാമെന്ന് വിജയകുമാർ പറഞ്ഞു. ഉടനെ അയാള്‍ കാർ ഒതുക്കി ഷൂട്ടിങ് സംഘത്തോടൊപ്പം ചേർന്നു. മുമ്ബൊന്നും അഭിനയിച്ചിട്ടുള്ള ആളേയല്ല അദ്ദേഹം. പക്ഷെ ഉഗ്രനായി ചെയ്തു. വലിയ വിജയമായിരുന്നു ആ കഥാപാത്രം-മുകേഷ് പറയുന്നു












