അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികം, കണ്ണുകള്‍ നിറഞ്ഞു സൂര്യ

നടൻമാരും സഹോദരങ്ങളുമായ സൂര്യയുടേയും കാർത്തിയുടേയും നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്.
സമൂഹത്തില്‍ സാമ്ബത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. അഗരത്തിലൂടെ മികച്ച വിദ്യാഭ്യാസം നേടി ജോലി കണ്ടെത്തിയവരെ ആഘോഷത്തിന്റെ ഭാഗമായി ആദരിചു . പല വിദ്യാർഥികളും തങ്ങളുടെ ജീവിതകഥ പറഞ്ഞപ്പോള്‍ വേദിയിലിരിക്കുകയായിരുന്ന സൂര്യ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.
ജയപ്രിയ എന്ന പെണ്‍കുട്ടി തന്റെ വിജയകഥ പറഞ്ഞപ്പോള്‍ സൂര്യയുടെ കണ്ണുകള്‍ നിറയുകയും ചെയ്തു. മഴ പെയ്താല്‍ ചോർന്നൊലിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത കടലൂരിലെ ഒരു വീട്ടില്‍നിന്ന് വന്ന് അഗരത്തിന്റെ സഹായത്തോടെ പഠിച്ച് ഇൻഫോസിസില്‍ പത്ത് ലക്ഷത്തോളം വാർഷിക ശമ്ബളമുള്ള ടെക്നോളജി ലീഡ് ജോലി കിട്ടിയതിനെ കുറിച്ചാണ് ജയപ്രിയ സംസാരിച്ചത്.
അന്ന് തങ്ങളുടെ കൊച്ചുവീട് ചില ആളുകള്‍ തട്ടിയെടുത്തുവെന്നും ഇന്ന് തന്റെ അമ്മയുടെ പേരില്‍ രണ്ട് വീടുകളുണ്ടെന്നും ജയപ്രിയ പറയുന്നു. പത്ത് വർഷത്തെ പഠനത്തിനിടയില്‍ പെണ്‍കുട്ടികള്‍ പഠിച്ചിട്ട് എന്താണ് കാര്യം എന്ന ചോദ്യം താൻ പലപ്പോഴും നേരിട്ടുവെന്നും അവർക്കുള്ള മറുപടിയാണ് തന്റെ ജീവിതമെന്നും ജയപ്രിയ പറയുന്നു.