സ്വര്‍ണവില കുറയുമെന്ന പ്രവചനം തെറ്റി, വില കൂടി

കൊച്ചി: ശനിയാഴ്ച കുത്തനെ ഇടിഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാരകേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റി.
ഇന്ന് സ്വർണം പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 52,680രൂപയും ഗ്രാമിന് 6,585 രൂപയുമായി. ആഗോള വിപണിയില്‍ ട്രായ് ഔണ്‍സിന് 2,305.30 ഡോളർ ആയി വർധിച്ചു. ശനിയാഴ്ച ഇത് 2293 ഡോളർ ആയിരുന്നു.
ചൈനയുടെ ഇടപെടല്‍ നിമിത്തം ആഗോളവിപണിയില്‍ സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചതാണ് ഈ പ്രതീക്ഷ നല്‍കിയത്. ഇതേ തുടർന്ന് അന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നുദിവസവും ഈ വില തുടർന്നു.
ചൈനീസ് സെൻട്രല്‍ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് വാങ്ങല്‍ നിർത്തിയത്. ഈ തീരുമാനം പുറത്തുവന്നതോടെയാണ് സ്വർണവില 3.5% കുറഞ്ഞത്. അതോടൊപ്പം അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴില്‍ നല്‍കിയത് മൂലം പണപെരുപ്പ നിരക്കില്‍ ഉണ്ടായ സമ്മർദത്തെ ചെറിയതോതില്‍ മറികടക്കാൻ കഴിഞ്ഞത് സ്വർണവില ഇടിയുന്നതിനുള്ള മറ്റൊരു കാരണമായി.
സ്വർണ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യം. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് പലിശനിരക്ക് കുറക്കുന്നതിലെ ആശങ്കയും ഇസ്രായേല്‍ ഹമാസ് സംഘർഷവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.