ഹരിയാനയില്‍ മൂന്നാം ദിവസവും ബുള്‍ഡോസിങ്; മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പടെ തകര്‍ത്തു
ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍ തുടര്‍ന്ന് സർക്കാർ. രണ്ട് ഡസനോളം കടകളാണ് പൊളിച്ച് നീക്കിയത്. ഇതില്‍ നിരവധി മെഡിക്കല്‍ സ്റ്റോറുകളും ഉള്‍പ്പെടുന്നു.
കലാപമുണ്ടായ നൂഹില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള തൗരുവിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍ നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമെന്നാരോപിച്ച് വ്യാപകമായി കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടങ്ങിയത്. ഷഹീദ് ഹാസൻ ഖാൻ മേവാത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സമീപമാണ് ഇന്ന് പൊളിക്കല്‍ നടക്കുന്നത്. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള കടകളാണ് പൊളിച്ച് നീക്കുന്നത്. ഇതില്‍ കൂടുതലും മെഡിക്കല്‍ ഷോപ്പുകളാണ്. വര്‍ഷങ്ങളായി ഇവിടെ നിന്നിരുന്ന കടകളാണ് ഇത്തരത്തില്‍ പൊളിക്കുന്നത്.
ഇതുവരെ 60ഓളം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ തകര്‍ത്തു കഴിഞ്ഞു. ഹരിയാനയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപങ്ങളില്‍ ആറ് പേര് ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.