വാഹന നമ്പര്‍ ലേലത്തില്‍ റെക്കോര്‍ഡ്; ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് 1.17 കോടി രൂപ
വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഇട്ട് ഹരിയാനയിലെ ബിസിനസുകാരന്. ഫാന്‍സി വാഹന നമ്പറായ HR88 B 8888 സ്വന്തമാക്കാന്‍ ബിസിനസുകാരന് തുനിഞ്ഞിറങ്ങിയപ്പോൾ ലേലത്തുക കോടിയും കടന്നു. ഒടുവില്‍ 1.17 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ചതോടെയാണ് വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് ആയത്.
ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് ഈ രജിസ്ട്രേഷന് നമ്പര്‍ സ്വന്തമാക്കാന്‍ ഇത്രയും വലിയ തുക മുടക്കാന്‍ ബിസിനസുകാരന് തയ്യാറായത്. ‘HR88 B 8888’ എന്ന ഫാന്‍സി നമ്പറിനായുള്ള ലേലം 50000 രൂപ മുതലാണ് ആരംഭിച്ചത്. ‘HR88B8888’ എന്നതിലെ HR എന്നത് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെയാണ് കാണിക്കുന്നത്. അതായത് ഹരിയാന. 88 എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ, അത് ചര്ഖി ദാദ്രി ആണ്. B എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ വാഹന പരമ്പര കോഡാണ്. 8888 എന്നത് ഓരോ വാഹനത്തിനും നല്‍കിയിട്ടുള്ള സവിശേഷമായ നാലക്ക നമ്പറാണ്.
ചാര്‍ഖി ദാദ്രിയിലെ ഭദ്ര സബ് ഡിവിഷനില്‍ നിന്നുള്ള ഒരു ബിസിനസുകാരനാണ് ലേലത്തില്‍ പങ്കെടുത്തത്. പങ്കാളിത്ത ഫീസായി 1,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും കെട്ടിവെച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തുക നിക്ഷേപിക്കാന്‍ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായാല്‍ നമ്പര്‍ അനുവദിക്കും.













