ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിലെ ഫാമിൽ പന്നികളെ കൊന്നു തുടങ്ങി, പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് കർഷകർ
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിൽ പന്നികളെ കൊന്നുതുടങ്ങി. തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ രാത്രി 10 മണിയോടെയാണ് പന്നികളെ കൊന്നു തുടങ്ങിയത്. ഇന്നലെ സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉള്ളത്. ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാൻ തീരുമാനിച്ചതനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 10 മണിയോടെ പന്നികളെ കൊന്നുതുടങ്ങി. എന്നാൽ 100 കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15,000 രൂപ എന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നാണ് കർഷകരുടെ പരാതി. ഇക്കാര്യമടക്കം കർഷകരുടെ പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാവശ്യമായ നടപടികളെടുക്കുമെന്ന് സബ് കലക്ടർ ഫാം ഉടമകൾക്ക് ഉറപ്പ് നൽകി.
മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി സർവൈലൻസ് ടീം രൂപീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്കുള്ള പന്നിക്കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക പരിശോധന തുടരുകയാണ്.
Content Highlights: African swine flue pigs killing Wayanad