ആരോഗ്യഗുണങ്ങളില്‍ വളരെ മികച്ച ബീറ്റ്റൂട്ട്
പച്ചക്കറികളില്‍ എല്ലാവര്ക്കും അത്ര പ്രിയപ്പെട്ട ഒന്നല്ല ബീറ്റ്റൂട്ട്. എന്നാല്‍ ആരോഗ്യഗുണങ്ങളില്‍ വളരെ മികച്ച ഒന്നാണിത്. ബീറ്റ്റൂട്ട് സ്മൂത്തിയാക്കിയോ ജ്യൂസാക്കിയോ കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ബീറ്റ്റൂട്ടിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉത്തമമായൊരു പച്ചക്കറിയാണിത്. ഇതില്‍ കലോറി വളരെ കുറവാണ്. ഭാരം കുറയ്ക്കാന്‍ ബീറ്റ്റൂട്ട് സ്മൂത്തിയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബീറ്റ്റൂട്ട് ഉപകരിക്കും,
ബീറ്റ്റൂട്ടില്‍ കാണപ്പെടുന്ന നൈട്രേറ്റുകള്‍ക്ക് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ സഹായിക്കുമെന്നും ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും 2013-ല്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ബീറ്റ്റൂട്ടിന്റെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഗുണം ചെയ്യും.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ അളവ് കുറവുള്ളരില്‍ വിളര്‍ച്ച, ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാം. ബീറ്റ്റൂട്ടില്‍ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട് ഫൈബറിന്റെ നല്ലൊരു സ്രോതസാണ്. ഇത് മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കൂടാതെ കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഗുണം ചെയ്യും. കൂടാതെ, ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങളും ബീറ്റ്റൂട്ടിലുണ്ട്.
ബീറ്റ്റൂട്ട് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ കാരണം അതിന്റെ കടുത്ത നിറമാണ്. ബീറ്റലിന് എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്മെന്റ് ആണ് ബീറ്റ്റൂട്ടിന്റെ കടുത്ത നിറത്തിനു പിന്നില്‍. ബീറ്റ്റൂട്ട് വിദേശരാജ്യങ്ങളില്‍ സാലഡുകളില്‍ സ്ഥിരമായി ഇടംകണ്ടെത്തുന്ന ഒരു പച്ചക്കറിയാണ്. കേരളത്തില്‍ ബീറ്റ്റൂട്ട് എല്ലാവരും കഴിക്കുമെങ്കിലും ഈ പച്ചക്കറിയുടെ യഥാര്‍ത്ഥ ഗുണങ്ങളെപ്പറ്റി അറിയുന്നവര്‍ വളരെ ചുരുക്കമാണ്.
ബീറ്റ്റൂട്ട് എന്നാല്‍ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. കരള്‍, കിഡ്നി, അസ്ഥികള്‍, തലച്ചോറ്, കണ്ണുകള്‍ എന്നിവയ്ക്കെല്ലാം ഈ പച്ചക്കറി കഴിക്കുന്നതു വഴി ആരോഗ്യകരമായ പ്രയോജനങ്ങള്‍ ലഭിക്കുന്നു. ബീറ്റ്റൂട്ട് എന്ന പച്ചക്കറിയുടെ ഇലകളും തണ്ടും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. കിഴങ്ങിന് മധുരമാണെങ്കിലും തണ്ടിന് ചെറിയ കയ്പുരുചിയാണ്. ധാരാളം വിറ്റമിനുകളും നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് ബീറ്റ്റൂട്ട് .
നിങ്ങളുടെ കരള്‍, വൃക്കകള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീറ്റി റിപ്പോര്‍ട്ട് ചെയ്തത്, ബീറ്റ്റൂട്ട് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും കാരണമാകുന്നു എന്നാണ്. മറ്റു ഗവേഷണ പഠനങ്ങളും പറയുന്നത് വൃക്കത്തകരാറുകള്‍ തടയുന്നതിനും വൃക്കരോഗങ്ങളുണ്ടാക്കുന്ന ഫ്രീ റാഡിക്കിള്സ് നീക്കം ചെയ്യുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുമെന്നാണ്.
ഗര്‍ഭസ്ഥശിശുക്കളുടെ സുഷുമ്നാ നാഡിയുടെ ശരിയായ രൂപവത്കരണത്തിനും അത്യാവശ്യ ഘടകമാണ് ഫോളിക് ആസിഡ്. കുട്ടികളില്‍ കണ്ടുവരുന്ന സ്പൈനല്‍ ബിഫിഡ പോലുള്ള അവസ്ഥയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കാന്‍ കഴിയുന്ന ഒന്നാണ് ഫോളിക് ആസിഡ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ സുഷുമ്നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കും.
ചര്‍മസംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങളും ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ മറ്റു പാടുകള്‍ എന്നിവ മാറ്റാന്‍ ബീറ്റ്റൂട്ട് അത്യുത്തമമാണ്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന് വളരെ ഫലപ്രദമാണ്.
2:1 ടേബിള്‍ സ്പൂണ്‍ അനുപാതത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലര്‍ത്തി ഫേസ് പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മത്തിന്റെ നൈസര്‍ഗിക സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസ്, വിനാഗിരിയോടൊപ്പം ചേര്‍ത്ത് മുടിയില്‍ പുരട്ടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ഇത് താരന് കാരണമുള്ള ചൊറിച്ചില്‍ തടയും. ബീറ്റ്റൂട്ടിന്റെ എന്‍സൈം സ്വഭാവം താരന് കുറയ്ക്കുകയും താരന് ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ഇല്ലാതാക്കുകയും ചെയ്യും.