പുരുഷന്മാര്ക്ക് ഗര്‍ഭനിരോധന ഗുളിക; ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വലിയ മുന്നേറ്റം
ഗര്‍ഭനിരോധന മാര്‍ഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകള്‍ക്ക് മാത്രമെന്ന ധാരണയ്ക്ക് മാറ്റം വരാൻ പോകുന്നു. ഗര്‍ഭനിരോധനത്തിന് പുരുഷന്മാരെ സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വലിയ മുന്നേറ്റമെന്ന് റിപ്പോർട്ടുകൾ. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തിലാണ് ഒരു കൂട്ടം ഗവേഷകർ പരീക്ഷണത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെച്ചത്.
പരീക്ഷണഘട്ടത്തിലെത്തി നിൽക്കുന്ന രണ്ടു മരുന്ന് സംയുക്തങ്ങളിൽ (DMAU, 11β-MNTDC) ഒന്നാണിപ്പോൾ പ്രതീക്ഷ നല്‍കിയിരിക്കുന്നത്. പ്രോജെസ്റ്റോജെനിക് ആൻഡ്രൊജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഈ മരുന്നുകൾ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിനെ നിയന്ത്രിക്കുകയും അതുവഴി ബീജാണുക്കളുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. ആദ്യപരീക്ഷണഘട്ടത്തില്‍ തന്നെ ഏതാണ്ട് 90 ശതമാനത്തിലധികം ഫലം നല്കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും അതിന്റെ മികവുനിലനിര്‍ത്തുന്നതായാണ് പറയപ്പെടുന്നത്.
എലികളിലും മറ്റും നടത്തിയ പരീക്ഷണത്തിൽ 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു ക്ലിനിക്കല്‍ പരീക്ഷണം മുന്നോട്ട് കൊണ്ടുപോയത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുത്തത് 96 പുരുഷന്മാരാണ്. മരുന്നുകഴിച്ച പുരുഷന്മാർക്ക് മരുന്നു കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നതായാണ് പഠനം ചൂണ്ടിക്കാട്ടിയത്