സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോര്ട്ട്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്.കഴിഞ്ഞ വർഷത്തേക്കാള് ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള് വ്യക്തമാക്കുന്നു. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു.
അതെസമയം രോഗം ബാധിച്ചവരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില് ചികിത്സ തേടിയത്. എന്നാല് കഴിഞ്ഞ വർഷക്കാലത്തെ മുഴുവൻ കണക്കുകള് നോക്കിയാല് അത് നാലായിരത്തിനും താഴെയാണ്.
മരണനിരക്കിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മുഴുവൻ കണക്കുകള് നോക്കിയാല് 7 പേരുടെ മരണമാണ് മഞ്ഞപ്പിത്തം മൂലമെന്ന് വ്യക്തമായത്. അതിന് മുന്നേയുള്ള വർഷവും സമാനമായിരുന്നു സ്ഥിതി. എന്നാല് ഇത്തവണ ഈ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് മരണം 13 ലെത്തി.
മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വർഷം മഞ്ഞപ്പിത്തം മൂലമെന്ന് കണ്ടെത്തിയത്. ജില്ലയില് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുൻ കരുതലുകളെടുത്തിട്ടുണ്ട്.