മങ്കിപോക്സ്; രോഗവ്യാപനം തടയാന്‍ മാര്‍നിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ഒന്‍പത് മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. രോഗം സ്ഥിരീകരിച്ച ആളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം, അവര്‍ ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷ സമ്പര്‍ക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് അതൊഴിവാക്കണമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്.
രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ചികിത്സ തേടണം. രോഗസ്ഥിരീകരണം ഉണ്ടായാല്‍ സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടണം. കൂടാതെ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ മൂന്നു പാളികളുള്ള മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
രോഗി കിടക്കുന്ന മുറിയും പരിസരവും അണു വിമുക്തമാക്കണം അതേപോലെ രോഗി ഉപയോഗിച്ച കിടക്കകള്‍, വസ്ത്രങ്ങള്‍ എന്നിവ പ്രത്യേകം കഴുകണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം, മങ്കിപോക്സിന് വാക്സിന് വികസിപ്പിക്കാനുള്ള ചര്‍ച്ച സജീവമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച്ച നടത്തി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. 31കാരിയായ യുവതിയ്ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിയായ 35കാരനും രോഗബാധ കണ്ടെത്തിയിരുന്നു. പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് യുവതിക്ക്് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണം തൃശൂരില്‍ സ്ഥിരീകരിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ 22 വയസുകാരനാണ് മരിച്ചത്.
Content Highlights – Monkey Pox, Union Health Ministry has issued guidelines to prevent the spread of the disease