പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു
പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ കേസ് എടുത്തു. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു. ആശുപത്രിയിൽ നിന്നുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണ് ഐശ്വര്യ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുഞ്ഞ് പ്രസവത്തിനിടെയും പിറ്റേ ദിവസം അമ്മയും മരിക്കുകയായിരുന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്.
ആറു ദിവസം മുൻപാണ് തത്തമംഗലം സ്വദേശി ഐശ്വര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. പ്രസവ ശേഷം ഇന്നലെ കുഞ്ഞു മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ഐശ്വര്യയയും മരിച്ചതോടെയാണ് ബന്ധുക്കൾ ആശുപത്രി അധികൃതർക്ക് നേരെ ആരോപണം ഉന്നയിച്ചത്.
മരിച്ചതിനു ശേഷം ബന്ധുക്കളെ അറിയിക്കാതെയാണ് ഐശ്വര്യയുടെ കുഞ്ഞിനെ ആശുപത്രി അധികൃതർ സംസ്കരിച്ചത്. പിന്നീട് പോലീസ് എത്തി കുഞ്ഞിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു വീണ്ടും സാംസ്ക്കരിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തുമ്പോൾ ഐശ്വര്യ ആരോഗ്യവതി ആയിരുന്നുവെന്നും പ്രസവ ശേഷമാണ് ആരോഗ്യ സ്ഥിതി വഷളായതെന്നും ബന്ധുക്കൾ പറഞ്ഞു.
സ്ഥലത്ത് ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. കൃത്യമായ നടപടികൾ ആശുപത്രി അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്റ് നടപടിക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ലഭ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നും പ്രസവശേഷം ചിലസ്ത്രീകളിലുണ്ടാവുന്ന് അമിത രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് കാരണമെന്നും ആശുപത്രി അധികൃതൃർ വിശദീകരിച്ചിരുന്നു. എന്നാൽ അതല്ല യഥാർഥ കാരണമെന്ന് വ്യക്തമായതോടെയാണ് ഡോക്ടർമാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Content Highlights : Mother and Child Death at Palakkad