നിപ: മലപ്പുറത്ത് മാസ്ക് നിര്‍ബന്ധമാക്കി, കൂട്ടംകൂടി നില്ക്കാൻ പാടില്ല
മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ കനത്ത ജാഗ്രതിയിലാണ് ജില്ല.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണുകളില്‍ കൂട്ടംകൂടി നില്ക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ. സിനിമ തിയറ്ററുകള്‍ പ്രവർത്തിക്കരുത്. കണ്ടെയ്ൻമെന്റ് സോണുകളില്‍ സ്കൂള്‍. കോളേജുകള്‍, മദ്രസ. അംഗനവാടികള്‍ എന്നിവ പ്രവർത്തിക്കരുത്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവർത്തി സമയത്ത് മാസ്ക് ഉപയോഗം നിർബന്ധമാക്കി.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകള്‍, മമ്ബാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയില്‍ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.