നിസ്സാരമായി കരുതരുത്, അത്ര തീവ്രത കുറഞ്ഞ വകഭേദമല്ല ഒമിക്രോണ്‍; പഠനം പറയുന്നത്

കൊറോണ വൈറസ് വകഭേദങ്ങളില്‍ താരതമ്യേനെ തീവ്രത കുറഞ്ഞ ഒന്നെന്ന നിലയിലാണ് ലോകം ഒമിക്രോണിനെ സമീപിച്ചത്. രോഗവ്യാപന തോത് കൂടുതലാണെങ്കിലും മറ്റ് കൊറോണ വൈറസുകളെ അപേക്ഷിച്ച് ഒമിക്രോണ്‍ അപകടകാരിയല്ലെന്നായിരുന്നു പൊതുവേയുള്ള കാഴ്ചപ്പാട്. ജനിതക പരിവര്‍ത്തനം സംഭവിക്കുന്നതിന് അനുസരിച്ച് ഓരോ വകഭേദങ്ങളും കഴിയുമ്പോള്‍ തീവ്രത കുറഞ്ഞുവരുന്നു എന്ന് കരുതി മാസ്കും വാക്സീനുകളുമെല്ലാം ഉപേക്ഷിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാല്‍ അമേരിക്കയില്‍ നടന്ന പുതിയ പഠനം പറയുന്നത് ഒമിക്രോണിനെ നിസ്സാരവല്‍ക്കരിക്കരുതെന്നാണ്.
വൈറസ് ബാധ മൂലമുള്ള ആശുപത്രി വാസസാധ്യതയും മരണ സാധ്യതയും മുന്വകഭേദങ്ങളുടെ പോലെ തന്നെയാണ് ഒമിക്രോണിനുമെന്നാണ് അമേരിക്കയിലെ ഗവേഷണം പറയുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രി, മിനര്‍വ സര്‍വകലാശാല, ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍ എന്നിവര്‍ ചേര്‍ന്ന നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.
കോവിഡിനെതിരായ പോരാട്ടത്തില്‍ വ്യാപകമായി നടത്തിയ വാക്സിനേഷനും മുന്‍ വൈറസ് ബാധയില്‍ നിന്ന് നേടിയ പ്രതിരോധശേഷിയുമാണ് ഒമിക്രോണ്‍ തരംഗത്തിന്റെ തീവ്രത കുറച്ചതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
മസാച്ചുസെറ്റ്സിലെ 1,30,000 കോവിഡ് രോഗികളുടെ വിവരങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. മുന്‍ പഠനങ്ങളെ പോലെ മരണത്തിന്റേയും ആശുപത്രിവാസങ്ങളുടേയും വിവരങ്ങള്‍ക്കൊപ്പം രോഗികളുടെ വാക്സിനേഷന് സ്ഥിതിയും ആരോഗ്യപരമായ മറ്റ് ഘടകങ്ങളും ഗവേഷണത്തിന്റെ ഭാഗമാക്കിയിരുന്നു.
നേച്ചര്‍ പോര്‍ട്ട്ഫോളിയോയില്‍ പിയര്‍ റീവ്യൂവിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് റിസര്‍ച്ച് സ്ക്വയറിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
Content Highlight: Omicron is as severe as other Covid19 variants