മങ്കിപോക്സ് – ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
മങ്കിപോക്സ് ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘടനയുടെ അടിയന്തര സമിതിയിൽ ഇതുസംബന്ധിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം അല്ലാതിരുന്നിട്ടും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം സ്വന്തം നിലയ്ക്കു പ്രഖ്യാപനം നടത്തുകയായിരുന്നു. ആദ്യമായാണ് ഇത്തരമൊരു നടപടി.
മങ്കിപോക്സിനെ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാൻ രണ്ടുതവണ എമർജൻസിവിഭാഗം യോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ അതിന്റെ അവിശ്യമില്ലെന്നായിരുന്നു വിദഗ്ധോപദേശം.
പതിമൂന്ന് വർഷത്തിനിടെ ഇത് ഏഴാം തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
74 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതോടെ അസാധാരണ സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് അഥാനം പറഞ്ഞു. കോവിഡ്, എബോള, സിക്ക, പോളിയോ തുടങ്ങിയവ വ്യാപിച്ച സാഹചര്യങ്ങളിലാണു മുൻപ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദേശങ്ങളിലൊന്നാണ്. അന്താരാഷ്ട്രസമൂഹം രോഗവ്യാപനത്തെ ഗൗരവത്തോടെ കാണാൻ ഉദ്ദേശിച്ചുള്ളതാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം മേധാവി ഡോ. മൈക്കിൾ റയാൻ വിശദീകരിച്ചു.
മങ്കിപോക്സ് ഉണ്ടായിരുന്നെങ്കിലും മറ്റു ഭൂഖണ്ഡങ്ങളിൽ ക്രമാതീതമായി വ്യാപിക്കാൻ തുടങ്ങിയത് കഴിഞ്ഞ മേയ് മുതലാണ്. യൂറോപ്പിലും വടക്കൻ അമേരിക്കൻ രാജ്യങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ടുചെയ്ത 99 ശതമാനം കേസിലും രോഗബാധിതർ പുരുഷന്മാരാണെന്നും 98 ശതമാനം പേരും പുരുഷന്മാരായ സ്വവർഗാനുരാഗികൾ ആണെന്നും ലോകാരോഗ്യസംഘടനയുടെ മങ്കിപോക്സ് നിരീക്ഷക വ്യക്തമാക്കി.
രോഗത്തിന്റെ ഗൗരവത്തിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിക്കാനും അതുവഴി രോഗനിയന്ത്രണത്തിനു കൂടുതൽ പണം ചെലവഴിക്കാനും വാക്സീൻ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ ഊർജിതപ്പെടുത്താനും പ്രഖ്യാപനം സഹായകമാകും. യു എസ് പകർച്ചവ്യാധി നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച്, മേയ് മുതൽ ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങളിലായി 16,000 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: WHO declare Health Emergency on Monkey pox