40 പെൺകുട്ടികളെ മദ്രസ്സയിലെ ടോയ്ലറ്റിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി; നിലവിളി കേട്ട് പൊലീസ് രക്ഷപ്പെടുത്തി, മനുഷ്യക്കടത്തെന്ന് ആരോപണം

ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിയമപരമായ യാതൊരു രജിസ്ട്രേഷനും ഇല്ലാതെ പ്രവർത്തിക്കുകയായിരുന്ന ഒരു മദ്രസയിൽ നിന്ന് 40 പെൺകുട്ടികളെ ടോയ്ലറ്റിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി.
9 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ടോയ്ലറ്റിനുള്ളിൽ ഭയന്നുവിറച്ച അവസ്ഥയിൽ കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് നേരത്തെ തന്നെ പല പരാതികളും ലഭിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
അങ്ങനെ സ്ഥാപനത്തെക്കുറിച്ച് ലഭിച്ച പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോളത്തെ ഞെട്ടിക്കുന്ന കണ്ടെത്തൽ. പോലീസ് സംഘം മദ്രസ പരിശോധിക്കാൻ എത്തിയപ്പോൾ നടത്തിപ്പുകാർ കെട്ടിടത്തിന്റെ മുകളിലേക്ക് കയറാൻ അനുവദിച്ചില്ല.
തുടർന്ന് ബലം പ്രയോഗിച്ചാണ് പോലീസ് ആ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് കയറിയത്. അപ്പോളാണ് ആ ടെറസിലെ ടോയ്ലറ്റ് പൂട്ടിയിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടനെ അത് പോലീസ് തുറക്കുകയും ചെയ്തു. അപ്പോഴാണ് 40 ഓളം പെൺകുട്ടികളെ ആ ടോയ്ലറ്റിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഈ കുട്ടികൾക്ക് ഭയം കാരണം കുറെ നേരത്തേക്ക് കാര്യമായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. സ്ഥാപനത്തിൽ എട്ട് മുറികളുണ്ടായിരുന്നിട്ടും കുട്ടികളെ എന്തിനാണ് ടോയ്ലറ്റിൽ ഒളിപ്പിച്ചത് എന്ന ചോദ്യത്തിന്, അവർ ഭയന്ന് ടോയ്ലറ്റിൽ കയറി, സ്വയം പൂട്ടിയിരുന്നതാണ് എന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം.
കണ്ടെത്തിയ കുട്ടികളെയെല്ലാം സുരക്ഷിതമായി വീടുകളിൽ എത്തിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് എഫ്ഐആർ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. രക്ഷിതാക്കളോ മറ്റാരെങ്കിലുമോ പരാതി നൽകിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് വർഷത്തോളമായി ഈ മദ്രസ രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
ഒമ്പതിനും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് മദ്രസയിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയതെന്ന് പായഗ്പൂർ സബ് കളക്ടർ അശ്വനികുമാർ പാണ്ഡെ വാർത്താഏജൻസികളോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഈ സ്ഥാപനം അടച്ചുപൂട്ടാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഇതുവരെ പരാതികൾ ലഭിക്കാത്ത കൊണ്ടാണ് എഫ്ഐആർ ഇടാത്തതെന്ന് എ.എസ്.പി രാമാനന്ദ് പ്രസാദ് കുശ്വാഹ പറയുന്നു. പരാതികൾ ലഭിക്കുന്ന പക്ഷം പോലീസ് എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത് മനുഷ്യക്കടത്തു ആണെന്നും, വിദേശരാജ്യങ്ങളിലേക്ക് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ കയറ്റി അയക്കുന്ന സംഘം ഇതിന്റെ പിന്നിലുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. എന്നാൽ പരാതി ലഭിക്കാതെ കൂടുതൽ അന്വേഷണം നടത്താൻ ആകില്ലെന്ന നിലപാടിലാണ് പോലീസ്.
പെൺകുട്ടികളെ മാത്രമാണ് ഇങ്ങനെ അടച്ചിട്ട നിലയിൽ കണ്ടതിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശത്തെ ബിജെപി നേതാക്കൾ പറയുന്നത്.
പലപ്പോളും വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് ഉത്തർപ്രദേശിലെ ബഹ്റൈച്ച്.
ചെറുതും വലുതുമായ ഒരുപാട് സംഘര്‍ഷങ്ങളും മരണങ്ങളും ഒക്കെ ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രാദേശിക ബി ജെപി നേതാക്കളുടെ അഭ്യർത്ഥന പ്രകാരം ഹിന്ദുക്കളും മുസ്ലിങ്ങളും പങ്കെടുക്കുന്ന ബഹ്റൈച്ച് മേളയ്ക്ക് ഇവിടെ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയും സംഘർഷമുണ്ടായി. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 22കാരനായ രാം ഗോപാല്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം ആയുധം കയ്യിലേന്തിയ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ ശാന്തരാക്കിയത്.
നേരത്തെ യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശ പ്രകാരം ഇവിടുത്തെ ചില പള്ളികളും മദ്രസകളും പൊളിച്ച് നീക്കിയിരുന്നു. ഹിന്ദു മുസ്ലിം സംഘര്‍ഷങ്ങള്‍ ബഹ്രൈച്ചിൽ സ്ഥിരമാണ് എന്ന് തന്നെ പറയാം.
ഇപ്പോൾ നടന്ന സംഭവം എന്തായാലും അന്വേഷിക്കപ്പെടുമെന്ന് തന്നെ കരുതാം. മദ്രസ്സയിലാണ് ഇത് നടന്നത്, മാത്രമല്ല രെജിസ്ട്രേഷൻ ഇല്ലാത്ത ഒരു സ്ഥാപനവും കൂടിയാണ് ആ മദ്രസ്സ. അതുകൊണ്ടു തന്നെ യോഗി സർക്കാർ ഇത് തള്ളിക്കളയാൻ ഒരു സാധ്യതയും കാണുന്നില്ല.