ഒരു തോക്ക് പോലുമില്ലാതെ പാക് ഭീകരരെ നേരിട്ട ധീരവനിത: അശോകചക്ര നേടിയ വനിതാ പൊലീസ് കമലേഷ് കുമാരി

നമ്മുടെ രാജ്യം ഒരിക്കൽ കൂടി സ്വാതന്ത്രദിനം ആഘോഷിച്ചപ്പോൾ, രാജ്യത്തിനായി പൊരുതി മരിച്ച് വീണ പോരാളികളെ ആദരിച്ചിരുന്നു. അതുപോലെ സ്വാതന്ത്രം കിട്ടിയ ശേഷവും, ജീവൻ ബലി നൽകി ഈ രാജ്യത്തെ സേവിച്ചവരുമുണ്ട്. അങ്ങനെ ജീവൻ ബലി കഴിച്ച്, ഇന്ത്യയുടെ സമാധാനകാലത്തെ ഏറ്റവും ഉയർന്ന ധീരതാ അവാർഡായ അശോക ചക്ര മരണാനന്തരം ലഭിക്കുന്ന വ്യക്തിയാണ് കമലേഷ് കുമാരി യാദവ് എന്ന സിആർപിഎഫ് കോൺസ്റ്റബിൾ. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ പോലീസ് വനിതയും അവരാണ്.
2001 ഡിസംബർ 13 ന് പാർലമെന്റ് ഹൗസിന്റെ 11-ാം നമ്പർ ബിൽഡിങ് ഗേറ്റിനടുത്തുള്ള ഗേറ്റ് നമ്പർ 1-ലാണ് കമലേഷിന് ചുമതലയുണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് വി.വി.ഐ.പികൾ ഒക്കെ കടന്നുപോകുന്ന കവാടം ആണത്.
അന്നത്തെ പാർലമെന്റ് സമ്മേളനം നിർത്തിവെച്ച് 40 മിനിറ്റ് കഴിഞ്ഞിരുന്നു. രാവിലെ 11.40 ആയപ്പോൾ വിജയ് ചൗക്കിൽ നിന്ന് ഡി.എൽ. 3 സി ജെ 1527 എന്ന പ്ലേറ്റുള്ള ഒരു വെളുത്ത അംബാസഡർ കാർ അതിവേഗം പാർലമെന്റിലേക്ക് കടന്നുവരുന്നത് കമലേഷിന്റെ ശ്രദ്ധയിൽപെട്ടു. ‘പാർലമെന്റ്’, ‘ആഭ്യന്തര മന്ത്രാലയം’ എന്നിങ്ങനെ വണ്ടിയിൽ എഴുതി വെച്ചത് കൊണ്ട് വി.വി.ഐ.പി.കളിൽ ആരുടെയെങ്കിലും കാറായിരിക്കുമെന്ന് എല്ലാവരും കരുതും.എന്നാൽ അന്ന് കമലേഷിന് എന്തോ പന്തികേട് തോന്നി. കാർ ഗേറ്റിലൂടെ കടന്നുവരുമ്പോൾ വേഗം കുറച്ചില്ല, പകരം വേഗത കൂട്ടുകയാണ് ചെയ്തത്.
പാർലമെന്റിലെ ചുമതലയിലുള്ള വനിതാ ഉദ്യോഗസ്ഥർക്ക് അന്ന് തോക്കു കൈവശം കൊടുക്കിലായിരുന്നു. . ഒരു വാക്കിടോക്കി മാത്രമാണ് ഉപകരണമെന്ന നിലയിൽ കമലേഷിന്റെ കയ്യിലുള്ളത്. അതുമായിട്ടാണ് ആ സംശയകരമായി കണ്ട വെളുത്ത അംബാസഡർ കാറിനടുത്തേക്ക് അവർ എത്തിയത്.
ആയുധങ്ങളുമായി അഞ്ച് പേർ കാറിൽ നിന്ന് ഇറങ്ങി കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടപ്പോൾ കമലേഷ് കുമാരി അവരെ പിന്തുടരാൻ തുടങ്ങി. സ്വന്തം സുരക്ഷ അവരിപ്പോൾ നോക്കിയതുമില്ല. തന്റെ പോസ്റ്റിലേക്ക് തിരിച്ചോടി ഗേറ്റ് സീൽ ചെയ്യാൻ കമലേഷ് പെട്ടെന്ന് തീരുമാനിച്ചു. തീവ്രവാദികളെന്നു മനസ്സിലായ ഉടനെ വാക്കി ടോക്കിയിൽ മറ്റ് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥര്ക്ക് സന്ദേശമയച്ചു. ഉറക്കെ വിളിച്ച് കൊണ്ട് 11-ാം നമ്പർ ഗേറ്റിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ സുഖ്വീന്ദർ സിങ്ങിന്റെ അടുത്തേക്ക് കമലേഷ് ഓടി.
എന്നാൽ തീവ്രവാദികൾക്ക് അതൊരു മുന്നറിയിപ്പു സന്ദേശമായിരുന്നു. ആയുധമോ കവചമോ ഇല്ലാത്ത വനിതാ കോൺസ്റ്റബിളിന് നേരെ ഭീകരർ വെടിയുതിർത്തു. 11 വെടിയുണ്ടകൾ അവരുടെ വയറ്റിൽ തുളച്ചുകയറി, 2001-ലെ പാർലമെന്റ് ആക്രമണത്തിന്റെ ആദ്യ ഇരയായി കമലേഷ് തൽക്ഷണം മരിച്ചു വീണു.
എന്നാൽ കമലേഷ് കുമാരിയുടെ ദീർഘവീക്ഷണം കൊണ്ട് മാത്രമാണ് ഭീകരർക്ക് അന്ന് പാര്ലമെന്റിനകത്ത് ആക്രമണം നടത്താൻ പറ്റാതെ പോയത്. ആ ഏറ്റുമുട്ടൽ 30 മിനിറ്റോളം നീണ്ടു നിന്നു. എട്ട് സുരക്ഷാ ജീവനക്കാർക്കും പാർലമെന്റിലെ തോട്ടം തൊഴിലാളിക്കുമാണ് ജീവൻ നഷ്ടമായത്.
പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ തൊയ്ബ, ജയ്ഷേ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ആക്രമണം നയിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൽ.കെ. അദ്വാനി പിന്നീട് അറിയിച്ചു. പാർലമെന്റിൽ പ്രവേശിച്ച അഞ്ചുപേരും പാകിസ്ഥാൻ പാക് പൗരന്മാരായിരുന്നു.
കമലേഷ് കുമാരിയുടെ ജീവത്യാഗം ശ്രദ്ധിക്കപ്പെടാതെ പോയില്ല. 2002-ൽ ഇന്ത്യയുടെ സമാധാനകാലത്തെ ഏറ്റവും ഉയർന്ന ധീരതാ അവാർഡായ അശോക ചക്ര അവർക്ക് മരണാനന്തരം ലഭിച്ചു.
കമലേഷ് കുമാരി യാദവെന്ന വനിതയുടെ ധൈര്യം കൊണ്ട് മാത്രം ഭീകരാക്രമണത്തിൽ നിന്ന് നമ്മുടെ പാർലമെന്റ് രക്ഷപ്പെട്ട ദിവസമായിരുന്നു 2001 ഡിസംബർ 13.