കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയെന്ന പ്രസ്താവന; അമിത് ഷായ്ക്കെതിരെ അവകാശ ലംഘന നോട്ടീസുമായി സി.പി.ഐ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസുമായി സി.പി.ഐ . വയനാട് ദുരന്തത്തില്‍ യഥാസമയം മുന്നറിപ്പ് നല്‍കിയില്ലെന്നു നോട്ടീസില്‍ പറയുന്നു.
രാജ്യസഭയെ അമിത് ഷാ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചെന്നും പി. സന്തോഷ് കുമാര്‍ എം.പി നോട്ടീസില്‍ കുറ്റപ്പെടുത്തി.
നേരത്തെ കോണ്‍ഗ്രസും അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജയറാം രമേശ് എം.പിയാണ് നോട്ടീസ് നല്‍കിയത്. ‘കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’ -അവകാശലംഘന നോട്ടീസില്‍ പറയുന്നു.