കാർത്തി ചിദംബരം ഉൾപ്പെട്ട വീസാ തട്ടിപ്പ് കേസിൽ അക്കൗണ്ടന്റ് അറസ്റ്റിൽ
മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഉൾപ്പെട്ട വിസാ തട്ടിപ്പ് കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൈനീസ് പൗരന്മാർക്ക് വീസ അനുവദിക്കാൻ വേണ്ടി കൈക്കൂലിയിനത്തിൽ വൻ തുക കൈപ്പറ്റിയെന്ന പരാതികളിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. കാർത്തിയുടെ സ്ഥാപനങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ഭാസ്കർ രാമനാണ് അറസ്റ്റിലായത്. പി ചിദംബരത്തിന്റെയും കാർത്തിയുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി ഇന്നലെ സി ബി ഐ റെയ്ഡ് നടത്തിയ കൂട്ടത്തിൽ ഭാസ്കർ രാമന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ കൂടി പശ്ചാത്തലത്തിലാണ് അറസ്റ്റ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പി ചിദംബരത്തിന്റെയും കാർത്തിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ തുടർച്ചയായി പരിശോധനകൾ നടന്നിരുന്നു. അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസിൽ ഇരുവർക്കുമെതിരെ ഒന്നിലധികം കേസുകളും നിലവിലുണ്ട്. കേന്ദ്രസർക്കാർ കോൺഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നതിന്റെ തുടർച്ചായണ് ഈ സംഭവങ്ങൾ എന്ന നിലപാടിലാണ് കോൺഗ്രസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇരുവരുടെയും സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം റെക്കോഡിലെത്തുമെന്ന് ഇന്നലെ ചിദംബരവും കാർത്തി ചിദംബരവും ട്വീറ്റ് ചെയ്തിരുന്നു.
ഇന്നലെ നടന്ന റെയ്ഡ് പോലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത കേസിലാണെന്നാണ് ചിദംബരത്തിന്റെ വിശദീകരണം. കാർത്തി ചിദംബരം ചൈനീസ് പൗരന്മാരിൽ നിന്ന് വീസക്കായി പണം വാങ്ങിയ കാലത്ത് ചിദംബരം കേന്ദ്രമന്ത്രിയായിരുന്നുവെന്നും അദ്ദേഹം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എൻഫോഴ്സ്മെന്റ് നൽകുന്ന വിശദീകരണം. കേസിന്റെ ഈ ഘട്ടത്തിൽ ചിദംബരത്തിനെയും മകനേയോ അറസ്റ്റ് ചെയ്യാത്തത് വിശദമായ അന്വേഷണം നടക്കുന്നത് കൊണ്ടാണ് എന്നാണ് സി ബി ഐ പറയുന്നത്.ഇരുവരുടെയും സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന ഭാസ്കർ രാമന്റെ അറസ്റ്റിനോട് കൂടി കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും. വിദേശ ഫണ്ട് സ്വീകരിച്ചതുൾപ്പെടെയുള്ള കേസുകൾ ഇരുവരുടെയും പേരിലുണ്ട്.
Content Highlight – Accountant arrested in Karthi Chidambaram visa fraud case