ദളിതർ ഇവിടെ പാട്ട് വെക്കരുത്; മണവാളൻറെ തല തല്ലിപ്പൊളിച്ച് സവർണ്ണരുടെ ആക്രമണം

വിവാഹത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ പാട്ട് വെച്ചതിന് ദളിത് വിഭാഗത്തിൽ പെട്ട വരനെയും വധുവിനെയും സവർണ്ണരുടെ കൂട്ടം ആക്രമിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഈ സംഭവം നടന്നത്. മീററ്റിലെ ഉൾഗ്രാമമായ കാളിന്ദിയിലേക്ക് പ്രവേശിക്കുകയായിരുന്നു ഈ വിവാഹ ഘോഷ യാത്ര സംഘം.
എന്നാൽ പാട്ട് വെച്ചതിന്റെ പേരിൽ പത്തോളം ‘ഉയർന്ന ജാതി’ക്കാരായ പുരുഷന്മാർ അവിടേക്ക് വന്ന്, ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഭവത്തിൽ വരനും വധുവും ഉളപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവിടെ വിവാഹാ ആഘോഷങ്ങളിൽ പാട്ട് വെക്കാനുള്ള അവകാശം തങ്ങൾ ‘ഉയർന്ന ജാതി’ക്കാർക്ക് മാത്രമേ ഉള്ളുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ശാരീരികമായ ആക്രമണം മാത്രമല്ല ഇവർ നടത്തിയത്. ഈ സവർണ്ണ അക്രമികൾ വിവാഹ സംഘത്തിൽ നിന്നും രണ്ട് മോതിരങ്ങൾ, ഒരു സ്വർണ്ണ ബ്രേസ്ലെറ്റ്, രണ്ട് ലക്ഷം രൂപ എന്നിവ അപഹരിച്ചതായും പരാതിയുണ്ട്.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടുന്നതിനായി റെയ്ഡുകൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. മുസാഫർനഗറിൽ നിന്നുള്ള വരൻ സഞ്ജീവും, 100 പേരടങ്ങുന്ന വിവാഹ സംഘവും കാളിന്ദി ഗ്രാമത്തിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് സർദാന പൊലീസ് പറഞ്ഞു. ഒരു ബസിലും മൂന്ന് കാറുകളിലുമായാണ് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തത്.
തങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നും പരാതി നൽകിയ ഗോവിന്ദ് എന്ന യുവാവ് പറഞ്ഞു.
‘ഞങ്ങൾ ഗ്രാമത്തിലേക്ക് കടക്കുമ്പോൾ തന്നെ ഉയർന്ന ജാതിയിൽ നിന്നുള്ള ആളുകൾ ഞങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചു. വരൻ ഉൾപ്പെടെ പലർക്കും പരിക്കേറ്റു. എന്റെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. അവർ സ്ത്രീകളെ പിന്നാലെ നടന്ന് ക്രൂരമായി മർദിച്ചു. ഠാക്കൂർ കുടുംബത്തിന് മാത്രമേ വിവാഹത്തിൽ പാട്ട് വെക്കാൻ കഴിയൂ എന്നും ഒരു ദളിത് വരന്റെയോ വധുവിന്റെയോ വിവാഹത്തിന് സംഗീതം അനുവദിക്കില്ലെന്നും അവർ പറഞ്ഞു,’ ഇതാണ് ഗോവിന്ദ് പറയുന്നത്.
ആക്രമണകാരികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ നിയമപ്രകാരവും ആക്രമണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് രാകേഷ് മിശ്ര പറഞ്ഞു.
ദളിതരെ ആക്രമിക്കാൻ അടിച്ചോടിക്കാം. അതിനൊപ്പമാവരുടെ സ്വർണ്ണ മോതിരവും ബ്രെസ്ലേറ്റും മോഷ്ടിക്കാം. അതിലൊന്നും അയിത്തത്തിന്റെ യാതൊരു പ്രശ്നവുമില്ല. നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന അക്രമങ്ങളിൽ പ്രധാന വില്ലനാകുന്നത് ലഹരിയുടെ ഉപയോഗം ആണെങ്കിൽ, ഉത്തർപ്രദേശിലും നോർത്തിന്ത്യയിലും അത് ജാതിയാണ്. ലഹരിയേക്കാൾ വലിയ അപകടമാണ് സമൂഹത്തിൽ ഇപ്പോളും നിലനിൽക്കുന്ന സവർണ്ണ മേധാവിത്തം.