ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ രാജിവെച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാഷ്ട്രപതിക്ക് നല്കിയ രാജിക്കത്തില്‍ ബൈജല്‍ വിശദീകരിച്ചു. 2016 ഡിസംബറിലാണ് ബൈജല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായിരുന്ന ബൈജല്‍ ആംആദ്മി സര്‍ക്കാരുമായി നിരന്തരമായുണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരില്‍ പലപ്പോഴും വിവാദത്തിലായിരുന്നു.
മുന്‍ഗാമിയായിരുന്ന നജീബ് ജംഗിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന അനില്‍ ബൈജല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാരുമായി ബൈജല്‍ നിരന്തരം അധികാര തര്‍ക്കത്തിലായിരുന്നു.
ഇതിനിടെ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും ധര്‍ണയിരിക്കുന്ന സാഹചര്യവും ഉണ്ടായി. ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.