പത്താംക്ലാസ് പരീക്ഷ ഒന്നിച്ചെഴുതി 43കാരനും മകനും; അച്ഛന് ജയിച്ചു, മകന് തോറ്റു
മഹാരാഷ്ട്ര ബോർഡ് പത്താം ക്ലാസ് പരീക്ഷ ഒന്നിച്ചെഴുതിയ അച്ഛനും മകനും നേരത്തെ സമൂഹമാധ്യമങ്ങളിലെ താരങ്ങളായിരുന്നു. പരീക്ഷാഫലം വന്നപ്പോള്‍ അച്ഛൻ പരീക്ഷ ജയിച്ചു മകൻ തോറ്റു. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ വാർഷിക പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.
ജീവിത സാഹചര്യം കാരണം ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്ന ആളായിരുന്നു ഭാസ്കർ വാഗ്മരെ. ഈ ആഗ്രഹമാണ് 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മകനോടൊപ്പം ഈ വർഷം പരീക്ഷയെഴുതിച്ചത്.ഭാസ്കർ വാഗ്മരെ പരീക്ഷ പാസായതിന്റെ സന്തോഷത്തിലാണെങ്കിലും മകൻ രണ്ട് പേപ്പറുകളിൽ തോറ്റതിൽ വിഷമമുണ്ട് എന്നാണ് പറയുന്നത്.
പണ്ടുമുതലേ പഠനം പുനരാരംഭിക്കാനും കൂടുതൽ മികച്ച ജോലി ലഭിക്കാന്‍ സഹായിക്കുന്ന ചില കോഴ്സുകൾ ചെയ്യാനും വാഗ്മരെ താൽപ്പര്യപ്പെട്ടിരുന്നുവെന്നും അതിനാലാണ് ആദ്യത്തെ കടമ്പയായ പത്താം ക്ലാസ് പരീക്ഷ എഴുതാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം തന്റെ മകനും പരീക്ഷ എഴുതുന്നു എന്നത് ഗുണകരമായിരുന്നെന്നും എല്ലാ ദിവസവും പഠിക്കുകയും ജോലിക്ക് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തിരുന്നുവെന്നും വാഗമരെ പറഞ്ഞു
മകന് സഹിലിന് തോറ്റ വിശയങ്ങളിൽ സപ്ലിമെന്ററി പരീക്ഷയിലൂടെ വിജയിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വാഗ്മരെ പറയുന്നു. അവൻ വിജയിക്കുമെന്നാണ് താൻ കരുതുന്നതെന്നും, മകൻ സാഹിലും ആത്മവിശ്വാസത്തിലാണെന്നും ഭാസ്കർ വാഗ്മരെ കൂട്ടിച്ചേർത്തു.